തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരം സന്ദർശിക്കും.ഓഖി ദുരിത ബാധിതരെ സന്ദർശിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും വേണ്ടിയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.ലക്ഷദ്വീപിൽ നിന്നും ഉച്ചയ്ക്ക് 12.05 ന് പുറപ്പെടുന്ന പ്രധാനമന്ത്രി 1.50 ഓടെ തിരുവനന്തപുരത്തെത്തും.ഇവിടെ നിന്നും ഹെലികോപ്റ്ററിൽ കന്യാകുമാരിയിലേക്ക് പോകും.അവിടെ നിന്നും മടങ്ങിയെത്തുന്ന പ്രധാനമന്ത്രി വൈകുന്നേരം 4.20 ന് റോഡുമാർഗം പൂന്തുറയിലേക്ക് പോകും.നേരത്തെ പ്രതിഷേധം കണക്കിലെടുത്ത് തിരുവനന്തപുരത്തെ ദുരിതബാധിത പ്രദേശങ്ങൾ പ്രധാനമന്ത്രി സന്ദർശിക്കില്ല എന്ന് തീരുമാനിച്ചിരുന്നെങ്കിലും ബിജെപി സംസ്ഥാന ഘടകത്തിന്റെ ആവശ്യം പരിഗണിച്ച് 10 മിനിറ്റ് പൂന്തുറ സന്ദർശിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് തീരുമാനിക്കുകയായിരുന്നു. പൂന്തുറ സെന്റ് തോമസ് സ്കൂളിൽ 4.40 മുതൽ 5 മണിവരെ അദ്ദേഹം ഓഖി ദുരിതബാധിതരെ കാണും അവിടെ നിന്നും വൈകുന്നേരം 5.30 തോടെ തൈക്കാട് ഗവ.ഗസ്റ്റ് ഹൗസിലെത്തുന്ന പ്രധാനമന്ത്രി 6.15 വരെ ഓഖി ദുരന്തം വിലയിരുത്തുന്ന യോഗത്തിൽ പങ്കെടുക്കും.6.35 ന് തിരുവനന്തപുരം വ്യോമസേനാ വിമാനത്താവളത്തിലെത്തി 6.40 തോടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഡൽഹിക്ക് മടങ്ങും.പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിൽ വൈകുന്നേരം നാലുമണി മുതൽ എട്ടുമണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.