India, News

പ്രധാനമന്ത്രിയും സൈനിക മേധാവികളും ലഡാക്ക് സന്ദർശിച്ചു;സംഘര്‍ഷ മേഖലയിലേക്കുള്ള യാത്ര മൂന്‍കൂട്ടി പ്രഖ്യാപിക്കാതെ

keralanews prime minister and army chiefs visit ladakh

ന്യൂഡല്‍ഹി: ഇന്ത്യാ – ചൈനാ അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ലഡാക്കില്‍ സൈനികരെ സന്ദര്‍ശിച്ചു. സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും കരസേനാ മേധാവി എംഎം നരവനെയും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ലഡാക്കില്‍ നടന്ന സംഘര്‍ഷ സാഹചര്യം വിലയിരുത്താനും സൈനിക വിന്യാസം അറിയാനുമാണ് സന്ദര്‍ശനം.അതേസമയം മുന്‍ കൂട്ടി പ്രഖ്യാപിക്കാതെയായിരുന്നു യാത്ര. രാവിലെ തന്നെ ഉന്നതതല സംഘം ലെ യില്‍ എത്തി. പിന്നാലെ ലഡാക്കിലും എത്തി. നിമുവില്‍ സൈനികരുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹത്തിന് സ്ഥിതിഗതികള്‍ ലഫ് ജനറല്‍ ഹരീന്ദര്‍ സിംഗ് വിശദീകരിച്ചു കൊടുത്തു. 11,000 അടി ഉയരത്തിലാണ് നിമുവിലെ സൈനിക കേന്ദ്രം. അതിര്‍ത്തിയിലെ സേനാ വിന്യാസം വിലയിരുത്താനായിരുന്നു അദ്ദേഹം എത്തിയത്.അതീവ രഹസ്യമായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ യാത്ര. ലെയില്‍ എത്തിയ ശേഷമാണ് പ്രധാനമന്ത്രി ലഡാക്ക് സന്ദര്‍ശിക്കുന്നതിന്റെ വാര്‍ത്ത പുറത്തുവന്നത്. ജൂണ്‍ 15 ന് കിഴക്കന്‍ ലഡാക്കില്‍ കഴിഞ്ഞ മാസം ഇന്ത്യയുടേയും ചൈനയുടെയും സൈനികര്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇന്ത്യയുടെ 20 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും സൈനിക പിന്മാറ്റ ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.ലഡാക്കിലെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ ഏതു നീക്കത്തെയും അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞയാഴ്ച നടത്തിയ റേഡിയോ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയ്ക്ക് സൗഹൃദം സൂക്ഷിക്കാനറിയാം. എന്നാല്‍ അത് ദൗര്‍ബല്യമായി കരുതരുതെന്നും ഭാരതമാതാവിനെ തൊട്ടുകളിക്കാന്‍ ആരേയും അനുവദിക്കില്ലെന്നത് നമ്മുടെ ധീരരായ സൈനികര്‍ തെളിയിച്ചു കൊടുത്തെന്നും പറഞ്ഞു.

Previous ArticleNext Article