Kerala

ജിഎസ്‍ടി: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില വർധിച്ചു

keralanews price increased for essential commodities

തിരുവനന്തപുരം:ജിഎസ്‍ടി പ്രാബല്യത്തില്‍ വന്നതോടെ സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കുന്നു. അരി, മൈദ, പഞ്ചസാര തുടങ്ങിയ സാധനങ്ങളുടെ വിലയും ഹോട്ടല്‍ സാധനങ്ങളുടെ വിലയും വര്‍ധിച്ചു. കോഴിക്ക് നികുതി ഒഴിവാക്കിയെങ്കിലും വിപണിയില്‍ വില കുറഞ്ഞിട്ടുമില്ല.ഇതുവരെ നികുതി ഇല്ലാതിരുന്ന അരി, അരിമാവ്, മൈദ, ആട്ട തുടങ്ങിയവയുടെ ബ്രാന്‍ഡഡ് ഇനങ്ങള്‍ക്കെല്ലാം 5 ശതമാനം നികുതി ആയി.കേരളീയര്‍ സാധാരണയായി ഉപയോഗിക്കുന്ന സുരേഖ, ജയ ഉള്‍പ്പെടെ എല്ലാ അരികള്‍ക്കും വില കൂടും. ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ ഇപ്പോള്‍ ജിഎസ്‍ടി ചുമത്തിയില്ലെങ്കിലും അരിവില 50 രൂപക്ക് മുകളിലായി.നഗരത്തിലെ മിക്കവാറും ഹോട്ടലുകളിലും നികുതി 18 ശതമാനമായി.കെട്ടിട നിര്‍മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ നികുതിയിലുണ്ടായ കുറവ് കെട്ടിട നിര്‍മാണ ചെലവ് കുറക്കുമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രതീക്ഷ. നികുതിയിലുണ്ടായ കുറവിന്റെ അടിസ്ഥാനത്തില്‍ സാധനങ്ങളുടെ വില ഉല്പാദകര്‍ കുറക്കുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പ് വരുത്തണമെന്ന ആവശ്യവും ഈ മേഖലയില്‍ നിന്നുയരുന്നു.ജിഎസ്ടി നിരക്കുകള്‍ പ്രാബലത്തിലാകുന്നതോടെ നിത്യവും ഉപയോഗിക്കുന്ന പല മരുന്നുകളുടെയും വില കുറയും. എന്നാല്‍ കോസ്മെറ്റിക്സ്, ഹെല്‍ത്ത് സപ്ലിമെന്റ് വിഭാഗത്തിലെ മരുന്നുകള്‍ക്ക് വില കൂടും.ജിഎസ്ടി പ്രകാരം ഇന്‍സുലിന്‍ പോലെ അവശ്യ മരുന്നുകള്‍ക്ക് 5 ശതമാനമാണ് നികുതി. നേരത്തെ ഇത് 6 മുതല്‍ 8 ശതമാനം വരെയായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷാവിഭാഗത്തില്‍ പെടാത്തവയുടെ നികുതി  17ല്‍ നിന്ന് 18 ശതമാനമായി.

Previous ArticleNext Article