തിരുവനന്തപുരം: സംസ്ഥാനത്ത് ഇരട്ട ജനിതകവ്യത്യാസം വന്ന വൈറസിന്റെ വ്യാപനം ഗുരുതരമായി വർദ്ധിക്കുന്നതായി റിപ്പോർട്ട്.ഏപ്രില്‍ ആദ്യവാരം കണ്ടെത്തിയ പഠന ഫലത്തില്‍ 40ശതമാനം പേരില്‍ ഈ വകഭേദം കണ്ടെത്തിയെങ്കില്‍ ഇത് മൂന്നാഴ്ച പിന്നിടുമ്ബോള്‍ 75ശതമാനത്തിനുമേല്‍ എത്തിയിട്ടുണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ വിലയിരുത്തല്‍. വൈറസ് വ്യാപനത്തിന്റെ തോതിൽ മുൻകരുതലെടുത്തില്ലെങ്കിൽ ഡൽഹിക്കു സമാനമായ അന്തരീക്ഷത്തിലേക്ക് കേരളം വീഴുമെന്നാണ് മുന്നറിയിപ്പ്. തീവ്രവേഗത പ്രതിദിന രോഗികളുടെ എണ്ണം ഒരാഴ്ചകൊണ്ട് അരലക്ഷത്തിലേക്ക് ഉയർത്തുമെന്നും ആരോഗ്യവകുപ്പ് സൂചിപ്പിക്കുന്നു.ജനിതക വ്യത്യാസം വന്ന വൈറസിനെ സംബന്ധിച്ച് മാർച്ച് മാസത്തിൽ തന്നെ ഗവേഷണം ആരംഭിച്ചിരുന്നു. കേരളത്തിൽ കോട്ടയം ജില്ലയിൽ ആദ്യം കണ്ടെത്തിയ വൈറസ് പത്തു ജില്ലകളിൽ വ്യാപിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.ഓക്‌സിജൻ സംവിധാനങ്ങളുള്ള ആശുപത്രികളുടെ എണ്ണം വർദ്ധിപ്പിച്ചുകൊണ്ടുള്ള മുന്നൊരുക്കം അനിവാര്യമാണെന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്.