ന്യൂഡൽഹി:മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ താഹില്‍രമാനിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു. വെള്ളിയാഴ്ച്ച രാത്രിയോടെയാണ് വിജയ താഹില്‍ രമാനിയുടെ രാജി രാഷ്ട്രപതി അംഗീകാരിച്ചായി കേന്ദ്ര നിമയമന്ത്രാലയം വിജ്ഞാപനം പുറത്തുവിട്ടത്. 2020 ഒക്ടോബര്‍ 3 വരെ സര്‍വീസ് കാലാവധിയുണ്ടായിരുന്നു വിജയ താഹില്‍ രമാനി സെപ്റ്റംബര്‍ 6 നായിരുന്നു മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് രാജി വെച്ചത്. മേഘാലയിലേക്ക് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചായിരുന്നു രാജ്യത്താകെയുള്ള രണ്ട് വനിതാ ചീഫ് ജസ്റ്റിസുമാരില്‍ ഒരാളായ വിജയ താഹില്‍രമാനി രാജിവെക്കാന്‍ തീരുമാനിച്ചത്. സുപ്രധാനമായ നിരവിധി കേസുകള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കുന്ന മദ്രാസ് ഹൈക്കോടതി പോലെ ഒരിടത്തുനിന്ന് കേസുകള്‍ കുറവുള്ള മേഘാലയ ഹൈക്കോടതി പോലുള്ള ഇടങ്ങളിലേക്ക് ജഡ്ജിമാരെ സ്ഥലം മാറ്റുന്ന രീതി വിരളമാണ്.മേഘാലയ ഹൈക്കോടതിയില്‍ നിലവില്‍ ചീഫ് ജസ്റ്റിസിന്റെ ഒഴിവില്ല എന്നതും ശ്രദ്ധേയമാണ്. ഇപ്പോഴത്തെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജയ് കുമാര്‍ മിത്തലിനെ സ്ഥലം മാറ്റിയിട്ടാണ് ജസ്റ്റിസ് വിജയ താഹില്‍ രമാനിയെ അവിടെ നിയമിക്കാന്‍ തീരുമാനമായത്. ആ സാഹചര്യത്തില്‍ ഈ സ്ഥലംമാറ്റം ശിക്ഷണനടപടിക്ക് തുല്യമായി കണക്കാക്കപ്പെടുന്ന ഒന്നാണ്. അതിനാലാണ് സ്ഥലം മാറ്റത്തെ ചോദ്യം ചെയ്ത് കൊളീജിയത്തിന് സമര്‍പ്പിച്ച പരാതി തള്ളിയതിന് തൊട്ടുപിന്നാലെ ജസ്റ്റിസ് വിജയ താഹില്‍രമാനി പദവി രാജിവെച്ചത്.രാജി തീരുമാനം പിന്‍വലിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ താഹില്‍ രമണിയെ വസതിയിലെത്തി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, രാജി തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു അവര്‍. മുംബൈ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരിക്കെ ഗുജറാത്ത് കലാപത്തിലും ബില്‍കീസ് ഭാനു കേസിലും വിധി പറഞ്ഞത് താഹില്‍ രമണിയായിരുന്നു.