വയനാട്:മേപ്പാടി മുണ്ടക്കൈ മേഖലയില്‍ വീണ്ടും മാവോയിസ്റ്റ് സാനിധ്യം കണ്ടെത്തി.ഈ പ്രദേശത്ത് ശനിയാഴ്ച രാത്രി മാവോയിസ്റ്റുകളെത്തിയതായും ഇവര്‍ രാത്രി ഇവിടെ ഭക്ഷണമുണ്ടാക്കി കഴിച്ചതായും പ്രദേശവാസികള്‍ പോലീസിനോടു പറഞ്ഞു. എസ്റ്റേറ്റ് പാടിയ്ക്ക് സമീപമാണ് മൂന്നംഗ സംഘം എത്തിയത്. പട്ടാളവേഷത്തില്‍ സായുധരായി തോട്ടത്തിലെത്തിയ മാവോവാദികളെ കണ്ടെത്തുന്നതിനു തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകള്‍ ഉള്‍പ്പെടുന്ന പോലീസ് സംഘം തൊള്ളായിരത്തിലും സമീപ വനപ്രദേശത്തും തെരച്ചില്‍ നടത്തിവരികയാണ്. കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് മൂന്നു ഇതരസംസ്ഥാന തൊഴിലാളികളെ മാവോയിസ്റ്റുകൾ ബന്ദികളാക്കിയിരുന്നു. ഇതിൽ നിന്നും രക്ഷപ്പെട്ട് എത്തിയ ഒരു തൊഴിലാളി മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. രാത്രി രണ്ടുമണിയോടെ മറ്റു രണ്ടുപേരും മാവോയിസ്റ്റുകളുടെ തടങ്കലിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം ഇതര സംസ്ഥാന തൊഴിലാളികളെ തടഞ്ഞുവച്ചത് വിക്രം ഗൗഡ, സോമന്‍, ഉണ്ണിമായ, സന്തോഷ് എന്നിവരടങ്ങുന്ന മാവോയിസ്റ്റുകളാണെന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തടഞ്ഞുവച്ചിരിക്കുന്നതിനിടെ ഓടി രക്ഷപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളെ ഫോട്ടോകള്‍ കാണിച്ചാണ് പോലീസ് മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞത്. തൊഴിലാളികളെ മണിക്കൂറുകളോളം തടഞ്ഞുവച്ച മാവോയിസ്റ്റുകള്‍ 20 കിലോ അരിയുമായാണ് കടന്നതെന്നു കല്‍പ്പറ്റ ഡിവൈഎസ്പി പറഞ്ഞു. അവസാനത്തെ തൊഴിലാളിയും പിടിയില്‍നിന്നു രക്ഷപ്പെട്ട് ഓടുന്നതിനിടെ മാവോവാദികള്‍ രണ്ടു തവണ ആകാശത്തേക്കു നിറയൊഴിച്ചതായി അദ്ദേഹം പറഞ്ഞു.