Kerala, News

കേരളത്തിലെ 11 ജില്ലകളിലും ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി

keralanews presence of genetically modified corona virus has been detected in 11 districts of kerala

തിരുവനന്തപുരം:കോവിഡ് വൈറസിന്റെ ജനിതകമാറ്റം വന്ന പുതിയ വകഭേദം കേരളത്തിലെ 11 ജില്ലകളില്‍ കണ്ടെത്തി.പുതിയൊരു രോഗവ്യാപനവും തരംഗവുമായി മാറാന്‍ സാധ്യതയുള്ളതാണ് എന്‍440കെ എന്ന ഈ വകഭേദം. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് വൈറസ് സാംപിളുകള്‍ ശേഖരിച്ച്‌ അവയുടെ ജനിതക പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ രൂപവത്കരിച്ച പത്ത് ദേശീയ ലബോറട്ടറികളുടെ കണ്‍സോര്‍ഷ്യമായ ‘ഇന്‍സാകോഗ്(INSACOG-ഇന്ത്യന്‍ സാര്‍സ് കോ വി-2 കണ്‍സോര്‍ഷ്യം ഓഫ് ജീനോമിക്‌സ്) ആണ് ബുധനാഴ്ച ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിനകം കോവിഡ്-19 ബാധിച്ചവരിലും അല്ലാതെ പ്രതിരോധശേഷി കൈവരിച്ചവരിലുംപോലും പുതിയ രോഗം ഉണ്ടായേക്കാം. പുതിയ വകഭേദം ഉണ്ടാക്കുന്ന രോഗത്തെ മുന്‍ വൈറസിനെതിരേ ആര്‍ജിച്ച പ്രതിരോധശേഷികൊണ്ട് നേരിടാനാവില്ല. കഴിഞ്ഞവര്‍ഷം കോവിഡിന്റെ തുടക്കത്തിലുണ്ടായിരുന്ന അതിജാഗ്രത തുടര്‍ന്നും പാലിക്കണമെന്നാണ് ഇത് ഓര്‍മിപ്പിക്കുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു.കേരളത്തിലെ 14 ജില്ലകളില്‍നിന്നും ശേഖരിച്ച 2032 സാംപിളുകളില്‍ 11 ജില്ലകളിലെ 123 സാംപിളുകളിലാണ് എന്‍440കെ വകഭേദം കണ്ടത്. ആന്ധ്രാപ്രദേശിലെ 33 ശതമാനം സാംപിളുകളിലും തെലങ്കാനയിലെ 104-ല്‍ 53 സാംപിളുകളിലും ഇത് നേരത്തേ കണ്ടിരുന്നു. ബ്രിട്ടന്‍, ഡെന്മാര്‍ക്ക്, സിങ്കപ്പൂര്‍, ജപ്പാന്‍, ഓസ്ട്രേലിയ തുടങ്ങി 16 രാജ്യങ്ങളിലും ഈ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച്‌ കൂടുതല്‍ പഠനവും അന്വേഷണവും ഈ ഘട്ടത്തില്‍ ആവശ്യമാണെന്ന് ‘ഇന്‍സാകോഗ്’ വിലയിരുത്തി.

Previous ArticleNext Article