തിരുവനന്തപുരം:കൊറോണ വൈറസ് വ്യാപനത്തിനിടെ വിലക്ക് ലംഘിച്ച് നിസാമുദീനിലെ മർകസിൽ സംഘടിപ്പിച്ച മതസമ്മേളനത്തിൽ കേരളത്തിൽ നിന്നും പങ്കെടുത്ത 70 പേരുടെ പട്ടിക തയ്യാറായി.മതസമ്മേളനത്തിൽ പങ്കെടുത്തവരുടെ വിവരങ്ങൾ ശേഖരിക്കാൻ പോലീസ് വിശദമായ അന്വേഷണങ്ങളാണ് നടത്തിയത്.പട്ടിക ജില്ലാകളക്റ്റർമാർക്ക് കൈമാറിയതായും പട്ടികയുടെ അടിസ്ഥാനത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.കേരളത്തിൽ നിന്നും പതിനൊന്ന് ജില്ലക്കാർ മതസമ്മേളനത്തിൽ പങ്കെടുത്തതായാണ് കണ്ടെത്തിയിരിക്കുന്നത്.ഇതിൽ എഴുപതുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പങ്കെടുത്തവരിൽ 12 പേർ പത്തനംതിട്ട ജില്ലക്കാരാണ്.മലപ്പുറത്ത് നിന്നും 18 പേരും തിരുവനന്തപുരത്തുനിന്നും 7 പേരും ഇടുക്കിയിൽ നിന്നും 6 പേരും കൊല്ലത്തുനിന്നും എട്ടുപേരും സമ്മേളനത്തിൽ പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. സമ്മേളനത്തിൽ പങ്കെടുത്തവരിൽ പാലക്കാട്,എറണാകുളം, കണ്ണൂർ,തൃശൂർ, കോട്ടയം,കോഴിക്കോട് എന്നീ ജില്ലക്കാരുമുണ്ട്. പാലക്കാട് നിന്ന് ഒൻപതുപേരും,കോട്ടയത്ത് നിന്നും നാലുപേരും കോഴിക്കോട് നിന്ന് ആറുപേരും,എറണാകുളത്തു നിന്നും രണ്ടുപേരും കണ്ണൂർ,തൃശൂർ എന്നിവിടങ്ങളിൽ നിന്നും ഓരോരുത്തർ വീതവും സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് കണക്ക്.