ചെന്നൈ:തന്റെ രക്തം സ്വീകരിച്ച ഗർഭിണിയായ യുവതിക്ക് എച്.ഐ.വി ബാധ കണ്ടെത്തിയതിനെ തുടർന്ന് രക്തം നൽകിയ പത്തൊൻപതുകാരൻ ജീവനൊടുക്കി. രാമനാഥപുരം സ്വദേശിയായ യുവാവാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന എലിവിഷം കഴിച്ച് ജീവനൊടുക്കിയത്.വിഷം കഴിച്ചയുടൻ ബന്ധുക്കൾ ഇയാളെ ആശുപത്രിയിൽ എത്തിച്ചിരുന്നു.രണ്ടു ദിവസം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞു.ഞായറാഴ്ച രാവിലെ ആന്തരിക രക്തസ്രാവം ഉണ്ടായതോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.നവംബർ മാസത്തിൽ യുവതിക്ക് രക്തം നൽകുമ്പോൾ എച്ഐവി ബാധിതനാണെന്ന് ഇയാൾ അറിഞ്ഞിരുന്നില്ല.2016 ഇൽ നടന്ന ഒരു രക്തദാന ക്യാമ്പിൽ പങ്കെടുത്ത യുവാവിന്റെ രക്തം പരിശോധിച്ചപ്പോൾ എച് ഐ വി ബാധയുള്ളതായി കണ്ടെത്തിയിരുന്നു.എന്നാൽ കൗൺസിലേഴ്‌സ് ഇയാളെ വിവരം അറിയിച്ചിരുന്നില്ല.പിന്നീട് വിദേശത്ത് പോകാനായി രക്തപരിശോധന നടത്തിയപ്പോഴാണ് എച് ഐ വി ബാധ കണ്ടെത്തിയത്.തുടർന്നാണ് ഇയാളുടെ രക്തം യുവതിക്ക് നൽകിയതായും യുവതിക്ക് എച് ഐ വി ബാധിച്ചതായും ഡോക്റ്റർമാർ കണ്ടെത്തിയത്.യുവതിയെ ചികിത്സയ്ക്കായി മധുരയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.സംഭവത്തിൽ തമിഴ്‌നാട് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.