കോഴിക്കോട്:ചികിത്സയ്ക്കെത്തിയ ഗര്‍ഭിണിക്കു കോവിഡ് രോഗം സ്ഥിരീകരിച്ചതിന്‍റെ സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍. വിവിധ ഡിപ്പാര്‍ട്ടമെന്റുകളിലെ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടെ 80 പേരാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചത്.കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ഗര്‍ഭിണിയായ യുവതി മേയ് 24-നാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി എത്തിയത്. ഇതിനിടയില്‍ പ്രസവ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് യുവതിയെ സര്‍ജന്‍, ന്യൂറോ വിദഗ്ധന്‍, പീഡിയാട്രിക് സര്‍ജന്‍, കാര്‍ഡിയോളജി എന്നിങ്ങനെ വിവിധ ഡിപ്പാര്‍ട്ടമെന്റുകളിലെ വിദഗ്ധന്‍ അടക്കമുള്ളവര്‍ പരിശോധിച്ചിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കു പുറമെ മെഡിക്കല്‍ വിദ്യാര്‍ഥികളും യുവതിയുമായി ഇടപഴകിയിരുന്നു. യുവതി കോവിഡ് സംബന്ധമായി ആരുമായും നേരിട്ട് സമ്പർക്കം പുലര്‍ത്തിയിട്ടില്ലാതിരുന്നതിനാല്‍ ആരും ശ്രദ്ധിച്ചിരുന്നില്ല. പരിശോധനയുടെ ഭാഗമായി യുവതിയുടെ സ്രവം പരിശോധനയ്ക്കയച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതേതുടര്‍ന്ന് ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടെ നിരീക്ഷണത്തില്‍ പോകുകയായിരുന്നു.യുവതിക്ക് എവിടെനിന്നാണ് കോവിഡ് ബാധിച്ചതെന്നു ഇതുവരെ വ്യക്തമായില്ല.