കൊച്ചി: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് കുരുക്കായി പ്രസീതയുടെ കൂടുതല്‍ വെളിപ്പെടുത്തല്‍.എന്‍ഡിഎയില്‍ ചേരാന്‍ സി.കെ ജാനുവിന് പണം നല്‍കിയ സംഭവത്തില്‍ സുരേന്ദ്രനെ വെട്ടിലാക്കി കൊണ്ടാണ് കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ടത്. പണം കൈമാറാന്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചതെന്ന് പ്രസീത തന്നെയെന്ന് ഫോണ്‍ സംഭാഷണങ്ങളില്‍ വ്യക്തമാണ്.തങ്ങള്‍ക്കിടയില്‍ ഒരു ഇടനിലക്കാരുടെ ആവശ്യമില്ലെന്നായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നതുമുതല്‍ സി കെ ജാനുവും കെ സുരേന്ദ്രനും പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ഇടനിലക്കാരിയായ പ്രവര്‍ത്തിച്ചത് പ്രസീത തന്നെയാണ് എന്ന് സ്ഥിരീകരിക്കുന്ന കൂടുതല്‍ തെളിവുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സുരേന്ദ്രൻ ആവശ്യപ്പെട്ടിട്ട് ജാനുവും പ്രസീതയും മാർച്ച് ആറിന് വൈകിട്ട് തിരുവനന്തപുരത്ത് എത്തിയിരുന്നു.10 ലക്ഷം സി കെ ജാനുവിന് നല്കും മുൻപ് പലതവണ സുരേന്ദ്രൻ പ്രസീതയെ ഫോണിൽ വിളിച്ചതിന്റെ കോൾ റെക്കോർഡുകൾ പ്രസീത പരസ്യപ്പെടുത്തി. സുരേന്ദ്രന്റെ പി എയുമായി സി കെ ജാനു സംസാരിച്ചു. ഹോട്ടൽ മുറിയുടെ നമ്പർ സികെ ജാനു സുരേന്ദ്രനെ അറിയിക്കുന്നത് ഫോൺ സംഭാഷണത്തിലുണ്ട്. പ്രസീതയുടെ ഫോണിലൂടെയാണ് നീക്കങ്ങൾ നടന്നത്. ഹൊറൈസൺ ഹോട്ടലിലെ 503ആം നമ്പർ മുറിയിലെത്താൻ ആവശ്യപ്പെട്ടു. ഈ മുറിയിൽ വച്ചാണ് 10 ലക്ഷം കൈമാറിയെതെന്ന് പ്രസീത പറഞ്ഞു.അതിന് തൊട്ടുമുൻപുള്ള ദിവസം പ്രസീതയും സുരേന്ദ്രനും തമ്മില്‍ സംസാരിക്കുന്നുണ്ട്. കാര്യങ്ങളെല്ലാം ഓക്കെയല്ലേ എന്ന് ഇരുവരും പരസ്പരം അന്വേഷിക്കുന്നുണ്ട്. ജാനുവിന് ചെറിയ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഡോക്ടറെ കണ്ടതിന് ശേഷം നേരില്‍ കാണാമെന്നും അപ്പോള്‍ പ്രസീത സുരേന്ദ്രനോട് പറയുന്നുണ്ട്. അതിന് മുൻപ് കാണണമോ എന്നും പ്രസീത ചോദിക്കുന്നുണ്ട്.വേണ്ട, അതിന് ശേഷം കാണുന്നതാണ് നല്ലത്. ബാക്കി കാര്യങ്ങള്‍ അപ്പോള്‍ സംസാരിക്കാമെന്നാണ് സുരേന്ദ്രന്‍ മറുപടി നല്‍കുന്നത്. സുരേന്ദ്രന്‍ തങ്ങള്‍ താമസിച്ച ഹോട്ടലിലെത്തി ജാനുവിനെ കണ്ടെന്നും ആ സമയത്ത് തങ്ങളോട് പുറത്ത് നില്‍ക്കാന്‍ ആവശ്യപ്പെട്ടെന്നും പ്രസീത നേരത്തെ പറഞ്ഞിരുന്നു. മാത്രമല്ല സുരേന്ദ്രന്‍ പോയിക്കഴിഞ്ഞപ്പോള്‍ പണം കിട്ടിയെന്ന് ജാനു പറഞ്ഞെന്നും പ്രസീത വെളിപ്പെടുത്തിയിരുന്നു.