India, International, Kerala, Technology

വിദേശത്തുനിന്നുള്ള ഫോൺ കോളുകൾ സൂക്ഷിക്കുക

keralanews Prank call from foreign will empty your pocket

തൃശൂർ:ഫോൺ വിളിച്ച് ബാലൻസ് ചോർത്തുന്ന സംഘം ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവമായി. വിദേശ രാജ്യങ്ങളിൽ നിന്നും വരുന്ന ഫോൺ വിളികളെ ഇനി സൂക്ഷ്മമായി പരിശോധിച്ച ശേഷം വേണം എടുക്കാൻ. കാരണം ഫോണെടുത്ത് പണം നഷ്ടപ്പെട്ടവർ നിരവധിയാണ്. കാലങ്ങളായി നടന്നുവരുന്ന ഇന്റർനെറ്റ് തട്ടിപ്പുകൾ പുതിയ രീതിയിൽ ഇരകളെ പിടിക്കാനിറങ്ങിയതായി സാങ്കേതിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഫോണെടുക്കുന്നതോടെ മൊബൈലിലെ ഡാറ്റകൾ എ ടി എം പിൻ നമ്പറുകൾ, അക്കൗണ്ട് നമ്പറുകൾ തുടങ്ങി എല്ലാ രഹസ്യങ്ങളും നിമിഷ നേരം കൊണ്ട് മറുതലക്കൽ എത്തുന്ന ‘മായാജാലമാണ്’ ഇവർ പയറ്റുന്നത്. ഫോൺ എടുക്കുന്ന ആളിന്റെ അശ്രദ്ധയും സാങ്കേതിക വിദ്യയും ഒപ്പം ചേർത്താണ് തട്ടിപ്പ് നടത്തുന്നത്. ഇങ്ങനെ വിളിക്കുന്ന കോൾ എടുത്ത് സംസാരിച്ചാൽ പിന്നെ കാശ് പോയ വിവരമാണ് കിട്ടുക. മിസ് കോൾ കണ്ടാൽ തിരിച്ചുവിളിക്കുന്നവർക്കും ഭീമമായ സംഖ്യയാണ് നഷ്ടമാകുന്നത്

ഫോണെടുക്കാതിരുന്നാൽ പണം നഷ്ടമാകില്ലെന്ന് കരുതേണ്ട, ഫോണെടുക്കാതെ ബെല്ലടിച്ചത് കൊണ്ടും ചിലർക്ക് പണം നഷ്ടമായിട്ടുണ്ടെന്നാണ് അനുഭവസ്ഥർ വ്യക്തമാക്കുന്നത്.  ഇതെങ്ങനെ സംഭവിക്കുന്നു എന്ന കാര്യത്തിൽ അവ്യക്തതയുണ്ട്. സേവന ദാതാക്കൾ ഇല്ലാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ബാലൻസ് ചോർത്തുന്നതായുള്ള ആരോപണങ്ങൾ പലപ്പോഴും ഉയർന്നുവരാറുണ്ട്. അങ്ങനെ സംഭവിക്കുന്നതാണോ എന്ന കാര്യവും പരിശോധിക്കേണ്ടതായിട്ടുണ്ട്.  മറ്റ് ചിലർക്ക് തിരിച്ച് അതേ നമ്പറിലേക്ക് വിളിക്കുമ്പോൾ മാത്രമാണ് പണം നഷ്ടപ്പെട്ടത്. പണം നഷ്ടപ്പെട്ടവർ മാനഹാനി കാരണം മിണ്ടാതിരിക്കുന്നതിനാൽ തന്നെ എത്ര പേർക്ക് പണം നഷ്ടമായെന്ന് ഇത് വരെ തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഗൾഫിൽ നിന്നുള്ള ബന്ധുവിന്റെ കോൾ ആയിരിക്കും എന്ന നിഗമനത്തിലാണ് തട്ടിപ്പിനിരയായ ഒരാൾ സംസാരിച്ചു തുടങ്ങിയത്. പിന്നീടാണ് ഫോൺ ബാലൻസ് ചോർന്നു പോയ വിവരം മനസ്സിലായത്.

ഏറ്റവും ഒടുവിൽ വ്യാഴാച രാത്രി മുതൽ വെള്ളിയാഴ്ച രാവിലെ വരേയാണ് ഇത്തരം ഫോണുകൾ പലർക്കും കോളുകൾ വന്ന് തുടങ്ങിയത്. എന്നാൽ എല്ലാ നെറ്റ് വർക്കിലേക്കും കോളുകൾ വന്നിട്ടില്ല. പ്രീ പെയ്ഡ് വരിക്കാരായ ബി എസ് എൻ എൽ ഉപഭോക്താക്കൾക്കാണ് കോളുകൾ വന്നത്.

പരിചയമില്ലാത്ത സ്ത്രീ ശബ്ദമായിരിക്കും മറുവശത്തുണ്ടാകുക. പ്രാദേശിക ഭാഷ മുതൽ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും സംസാരിക്കും. കസ്റ്റമറെ വശീകരിക്കാൻ വേണ്ടിയാണ് സ്ത്രീ ശബ്ദത്തിൽ വിളിക്കുന്നതെന്ന് പോലീസ് പറയുന്നു. വോയിസ് ഓവർ ഇന്റർനെറ്റ് കോൾ ആയത് കൊണ്ട് തന്നെ ഇത്തരം കോളുകൾ ട്രെയിസ് ചെയ്യാനോ കണ്ട് പിടിക്കാനോ പറ്റില്ലെന്ന് പോലീസ് പറയുന്നു. അതിനാൽ ഇത്തരം കോളുകൾ എടുക്കാതിരിക്കുന്നതാണ് ഉചിതമെന്ന് സൈബർ പോലീസും ബി എസ് എൻ എൽഉം ഒരുപോലെ വ്യക്തമാക്കുന്നു. മുമ്പും ഇത്തരത്തിൽ തട്ടിപ്പ് കോളുകൾ ബി എസ് എൻ എൽ ഉൾപ്പെടെ മറ്റു നെറ്റ് വർക്കുകളിലേക്കും വന്നിട്ടുണ്ട്.

ഈ നമ്പറിൽ നിന്നുള്ള ഫോണുകളാണെങ്കിൽ പ്രത്യേകം ശ്രദ്ധിക്കുക

+447, +381, +255 ഈ നമ്പറിൽ തുടങ്ങുന്ന നമ്പറുകളിൽ നിന്നാണ് കൂടുതലും ഫോണുകൾ വരുന്നത്. ഈ നമ്പറുകളോ ഇതിന് സമാനമായ നമ്പറുകളോ ആണെങ്കിൽ കോളുകൾ എടുക്കാതിരിക്കാൻ ശ്രമിക്കണം. വിളി വരുമ്പോൾ ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നവർക്ക് യു കെ, സെർബിയ, ടാൻസാനിയ എന്നീ രാജ്യങ്ങളുടെ പേരുകളാണ് തെളിഞ്ഞ് വരുന്നത്. അത് കൊണ്ട് തന്നെ ഇത്തരം കോളുകൾ പെട്ടെന്ന് തന്നെ മനസ്സിലാക്കി ഫോൺ എടുക്കാതിരിക്കുകയോ ഓഫ് ചെയ്ത് വെക്കുകയോ ചെയ്യാവുന്നതാണ്. ആ രാജ്യങ്ങളിൽ ബന്ധുക്കളോ മറ്റോ ഉണ്ടെങ്കിൽ അവരുടെ നമ്പർ ഫോണിൽ സേവ് ചെയ്തിട്ടാൽ തിരിച്ചറിയാൻ എളുപ്പമാകും. പ്രധാനമായും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എ ടി എം പിൻ നമ്പറുകൾ ഫോണിൽ സേവ് ചെയ്ത് വെക്കരുത്. പിന്നെ മൊബൈലിൽ വരുന്ന മെസേജുകൾക്ക് ഒരിക്കലും മറുപടി കൊടുക്കരുത് . പ്രത്യേകിച്ച് വൺ ടൈം പാസ്‌വേഡ് (OTP) ചോദിച്ചുള്ള സന്ദേശമാണെങ്കിൽ.

അതേസമയം തട്ടിപ്പിനിരയായവരുടെ എണ്ണം വർദ്ധിച്ചതോടെ വിദേശങ്ങളിൽ നിന്നുള്ള മിസ് കോളുകൾക്ക് മറുപടി നൽകരുതെന്ന മുന്നറിയിപ്പുമായി ബി എസ് എൻ എൽ വരിക്കാർക്ക് മെസ്സേജ് അയക്കുന്നുണ്ട്

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *