കൊച്ചി:പുതിയ ചിത്രത്തിന് വേണ്ടി പ്രണവ് പാർക്കർ പരിശീലനം നടത്തുന്നു.പ്രണവിന്റെ സിനിമ പ്രവേശനത്തിനുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് മോഹന്‍ലാല്‍ തന്നെ മനസ്സ് തുറക്കുകയാണ്.
മുകളിൽ നിന്നുളള ചാടല്‍, അളളിപ്പിടിച്ചു കയറല്‍, തൂങ്ങിയാടല്‍ തുടങ്ങിവയിലൂടെ പല വിധത്തിലുള്ള തടസ്സങ്ങളെ കുറഞ്ഞ സമയത്തിനുള്ളില്‍ നേരിടുന്നതിനെയാണ് പാര്‍ക്കര്‍ എന്നു പറയുന്നത്.
സ്‌കൈ ഡൈവിങ്, ജിംനാസ്റ്റിക്‌സ്, റോക്ക് ക്ലൈംബിങ് എന്നിവയില്‍ താത്പര്യമുള്ള പ്രണവിനു പാര്‍ക്കര്‍ പരിശീലനം ബുദ്ധിമുട്ടുള്ളതാവില്ല.
ജിത്തു ജോസഫിന്റെ വ്യത്യസ്തമായ പ്രമേയമുള്ള ചിത്രത്തിലാണ് പ്രണവ് ആദ്യമായി അഭിനയിക്കുന്നത്.2002 ല്‍ മികച്ച ബാലനടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയിട്ടുള്ള പ്രണവിന് തമിഴ്, ഹിന്ദി ചിത്രങ്ങളില്‍ നിന്നും ഓഫറുകള്‍ ലഭിച്ചിരുന്നെങ്കിലും ജീത്തുവുമായുള്ള ബന്ധം കണക്കിലെടുക്കുകയായിരുന്നു.രണ്ട് ചിത്രങ്ങളില്‍ ജീത്തുവിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചതിന്റെ ബന്ധമാണ് തീരുമാനത്തിന് പിന്നിലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. നടന്‍ എന്ന നിലയില്‍ പ്രണവിന് വെല്ലുവിളിയായിരിക്കും ചിത്രത്തിലെ വേഷമെന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു.
സൂപ്പര്‍ സ്റ്റാറിന്റെ മകന്‍ എന്നതിന്റെ സമ്മര്‍ദ്ദം പ്രണവിനുണ്ടോ എന്ന ചോദ്യത്തിന്, മോഹന്‍ലാലിന്റെ മകനായത് കൊണ്ട് മാത്രം അഭിനയിക്കാന്‍ അറിയാം എന്നില്ല, പ്രണവിന്റെ പ്രായത്തില്‍ താന്‍ രാജാവിന്റെ മകനില്‍ അഭിനയിച്ച് കഴിഞ്ഞിരുന്നുവെന്നും കഴിവ് തെളിയിക്കാന്‍ പ്രണവിനുള്ള അവസരമായിരിക്കും ഇതെന്നുമായിരുന്നു മോഹന്‍ലാലിന്റെ മറുപടി.