തിരുവനന്തപുരം: രാജ്യത്ത് കൽക്കരി ക്ഷാമം ഉണ്ടെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയടക്കം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും. സംസ്ഥാനത്ത് പവർ കട്ട് വേണ്ടിവരുമോയെന്നത് അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും.രാജ്യത്തെ 45 കല്‍ക്കരി നിലയങ്ങളില്‍ രണ്ടു ദിവസത്തേക്കുള്ള കല്‍ക്കരി മാത്രമാണ് അവശേഷിക്കുന്ന്‌തെന്നും 16 നിലയങ്ങളില്‍ പൂര്‍ണമായും തീര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിസന്ധി ഉണ്ടായാൽ പവർ കട്ട് വേണ്ടിവരുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി വ്യക്തമാക്കിയിരുന്നു.കേന്ദ്രത്തില്‍ നിന്ന് ആയിരം മെഗാവാട്ടാണ് കിട്ടേണ്ടത്. അതില്‍ കുറവുണ്ടായി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ലഭിച്ചിരുന്ന വൈദ്യുതിയില്‍ കുറവ് സംഭവിച്ചു. ഇങ്ങനെ പോയാല്‍ കേരളത്തില്‍ പവര്‍കട്ട് ഏര്‍പ്പെടുത്താതെ നിര്‍വര്‍ത്തിയില്ലാത്ത സാഹചര്യം ആണ് ഉള്ളതെന്നും മന്ത്രി അറിയിച്ചിരുന്നു.അതേസമയം രാജ്യത്ത് കൽക്കരി ക്ഷാമമോ വൈദ്യുതി പ്രതിസന്ധിയോ ഇല്ലെന്ന് കേന്ദ്ര വൈദ്യുത മന്ത്രി ആർ.കെ സിംഗും കൽക്കരി മന്ത്രി പ്രഹ്ലാദ് ജോഷിയും വ്യക്തമാക്കിയിരുന്നു.രാജ്യത്ത് കൽക്കരി ക്ഷാമമുണ്ടെന്നും, ഇത് കേരളത്തിലുൾപ്പെടെ വൈദ്യുതി പ്രതിസന്ധി സൃഷ്ടിക്കുമെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. പിന്നാലെയാണ് പ്രതികരണവുമായി കേന്ദ്രമന്ത്രിമാരെത്തിയത്. ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ പവർ കട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയാണ് കൽക്കരിയുടെ ആഭ്യന്തര ഉത്പാദനത്തെ ബാധിച്ചതെന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്.