Kerala, News

പോസ്റ്റല്‍ ബാലറ്റ്; കണ്ണൂർ ജില്ലയിൽ 93.9% പേര്‍ വോട്ട് ചെയ്തു

keralanews postal ballot 93 9 people voted in kannur district

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗിന് എത്തിച്ചേരാന്‍ സാധിക്കാത്ത അവശ്യ സര്‍വ്വീസ് മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയ പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഉപയോഗപ്പെടുത്തി ജില്ലയില്‍ 93.9% പേര്‍ വോട്ട് രേഖപ്പെടുത്തി.പോസ്റ്റല്‍ ബാലറ്റിനായി വരണാധികാരികള്‍ക്ക് ഫോറം 12ഡിയില്‍ അപേക്ഷ സമര്‍പ്പിച്ച 3896 പേരില്‍ 3657 പേരാണ് കഴിഞ്ഞ നാലു ദിവസങ്ങളിലായി വോട്ട് ചെയ്തത്. മണ്ഡലം കേന്ദ്രങ്ങളില്‍ പ്രത്യേകമായി ഒരുക്കിയ പോസ്റ്റല്‍ വോട്ടിംഗ് കേന്ദ്രങ്ങളിലെത്തിയാണ് തപാല്‍വോട്ടിന് അപേക്ഷ നല്‍കിയവര്‍ പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തിയത്. 12ഡി ഫോറത്തില്‍ പോസ്റ്റല്‍ വോട്ടിനായി അപേക്ഷ നല്‍കി വോട്ട് ചെയ്യാതിരുന്ന 239 പേര്‍ക്ക് ഇനി ബൂത്തിലെത്തി വോട്ട് ചെയ്യാനാവില്ല.ആരോഗ്യം, പൊലീസ്, ഫയര്‍ ഫോഴ്‌സ്, എക്‌സൈസ്, ജയില്‍, മില്‍മ, വൈദ്യുതി, വാട്ടര്‍ അതോറിറ്റി, കെഎസ്‌ആര്‍ടിസി, ട്രഷറി, ഫോറസ്റ്റ്, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ ആകാശവാണി, ദൂരദര്‍ശന്‍, ബിഎസ്‌എന്‍എല്‍, റെയില്‍വേ, പോസ്റ്റല്‍- ടെലിഗ്രാഫ്, ഏവിയേഷന്‍, ആംബുലന്‍സ്, തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍, ഷിപ്പിംഗ് എന്നീ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് ഇത്തവണ പോസ്റ്റല്‍ ബാലറ്റ് സൗകര്യം ലഭ്യമാക്കിയത്.

Previous ArticleNext Article