Kerala, News

ആലുവയില്‍ മരിച്ച കുട്ടി വിഴുങ്ങിയത് രണ്ട് നാണയങ്ങളെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; മരണകാരണം നാണയം വിഴുങ്ങിയതല്ലെന്ന് പ്രാഥമിക നിഗമനം

keralanews post mortem report says child died in aluva swallowed two coins and preliminary conclusion that cause of death not swallowing the coin

കൊച്ചി: ആലുവയില്‍ നാണയം വിഴുങ്ങി മരിച്ച മൂന്ന് വയസുകാരന്‍ രണ്ട് നാണയങ്ങള്‍ വിഴുങ്ങിയിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.നാണയം വിഴുങ്ങിയതാണ് മരണകാരണമെന്ന് പറയാനാകില്ല. കുഞ്ഞിന്‍റെ ആന്തരിക അവയവങ്ങൾ രാസപരിശോധനക്കായി അയച്ചു. ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പോസ്ററ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞു. വന്‍ കുടലിന്‍റെ ഭാഗത്തായിരുന്നു നാണയം ഉണ്ടായിരുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.ആലുവ കടുങ്ങല്ലൂര്‍ സ്വദേശിയായ മൂന്ന് വയസുകാരന്‍ പൃഥ്വിരാജാണ് ഇന്നലെ മരിച്ചത്.ഒരു രൂപ നാണയം വിഴുങ്ങി 18 മണിക്കൂറിനകമായിരുന്നു മരണം.നാണയം വിഴുങ്ങിയതിന് പിന്നാലെ ആലുവ താലൂക്ക് ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, ആലപ്പുഴ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ കുട്ടിയെ എത്തിച്ചിരുന്നു. ശനിയാഴ്ച രാവിലെ 10.30നാണ് കടുങ്ങല്ലൂരിലെ വീട്ടില്‍വച്ച്‌ കുട്ടി ഒരുരൂപ നാണയം വിഴുങ്ങിയത്. തുടര്‍ന്ന് 11ന് ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ എക്‌സ്‌റേ എടുത്തശേഷം ആശുപത്രി അധികൃതര്‍ വീട്ടിലേക്കു പറഞ്ഞുവിട്ടു. നാണയം കുടലില്‍ എത്തിയതായും പഴമടങ്ങിയ ഭക്ഷണം നല്‍കിയാല്‍ വയറ്റില്‍നിന്ന് നാണയം പൊയ്ക്കൊള്ളുമെന്നുമാണ് അത്യാഹിതവിഭാഗത്തിലെ ഡോക്ടര്‍ പറഞ്ഞത്. ഓപ്പറേഷനുള്ള സാധ്യത തേടിയ ബന്ധുക്കളോട് ആശുപത്രിയില്‍ കുട്ടികളുടെ സര്‍ജന്‍ ഇല്ലെന്നും ഡോക്ടര്‍ പറഞ്ഞു.തുടര്‍ന്ന് കുട്ടിയുടെ അമ്മ നന്ദിനിയും അവരുടെ അമ്മ യശോദയും ചേര്‍ന്ന് കുട്ടിയെ ഓട്ടോറിക്ഷയില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെയും കുട്ടിയുടെ എക്സ്റേ എടുത്തശേഷം നാണയം കുടലിനു താഴേക്ക് എത്തിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു. വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചതോടെ ആശുപത്രിയുടെ ആംബുലന്‍സില്‍ വൈകിട്ട് നാലോടെ അവിടെ എത്തിച്ചു.കണ്ടെയ്ന്‍മെന്‍റ് സോണില്‍നിന്നു വന്നതിനാല്‍ അഡ്മിറ്റ് ചെയ്യാനാകില്ലെന്നും ഓപ്പറേഷന്‍ ചെയ്യേണ്ടതില്ലെന്നുമാണ് ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ അറിയിച്ചത്. നാണയം സ്വയം പോയില്ലെങ്കില്‍ രണ്ടു ദിവസം കഴിഞ്ഞു കുട്ടിയെ കൊണ്ടുവരാനും നിര്‍ദേശിച്ചു. രാത്രി ഒമ്ബതോടെ കുട്ടിയുമായി ഓട്ടോറിക്ഷയില്‍ കടുങ്ങല്ലൂരിലെ വീട്ടിലേക്ക് തിരിച്ച ഇവര്‍ ഇന്നലെ പുലര്‍ച്ചെ ഒന്നോടെയാണ് വീട്ടില്‍ എത്തിയത്.അഞ്ചരയോടെ കുഞ്ഞ് ഉണരാതെ വന്നപ്പോള്‍ വീണ്ടും ഇവര്‍ ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. അവിടെ കൊണ്ടുവന്നപ്പോഴും കുട്ടിക്ക് ജീവന്‍ ഉണ്ടായിരുന്നതായും, ആറേകാലോടെ മരിച്ചെന്നും ബന്ധുക്കള്‍ പറയുന്നു. ഒരു ദിവസം മുഴുവന്‍ അലഞ്ഞിട്ടും ശരിയായ ചികിത്സ ലഭിക്കാത്തതു മൂലമാണ് കുട്ടി മരണപ്പെട്ടതെന്ന് ആരോപിച്ച്‌ ബന്ധുക്കളും നാട്ടുകാരും ആശുപത്രി പരിസരത്ത് പ്രതിഷേധിച്ചു.മന്ത്രി കെകെ ശൈലജയുടെ നിര്‍ദേശപ്രകാരം ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സംഭവം അന്വേഷിക്കുന്നുണ്ട്.

Previous ArticleNext Article