ന്യൂഡല്‍ഹി: ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370 ആം ആര്‍ട്ടിക്കിള്‍ റദ്ദാക്കിയതിനു പിറകെ സംഘർഷ സാധ്യത കണക്കിലെടുത്ത് കശ്മീരില്‍ കൂടുതല്‍ അര്‍ധസൈനികരെ വിന്യസിച്ച് കേന്ദ്രസര്‍ക്കാര്‍.8000 അര്‍ധ സൈനികരെയാണ് വ്യോമസേനയുടെ സി-17 യാത്രാവിമാനത്തില്‍ ശ്രീനഗറില്‍ എത്തിച്ചിരിക്കുന്നത്.ഉത്തര്‍പ്രദേശ്, ഒഡീഷ, അസം എന്നിവിടങ്ങളില്‍ നിന്നാണ് അര്‍ധസൈനികരെ കശ്മീരിലേക്ക് കൊണ്ടുപോയത്. ശ്രീനഗറില്‍ നിന്നു സൈന്യത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് അയച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെ മുപ്പത്തി അയ്യായിരത്തിലധികം അര്‍ദ്ധസൈനികരെ കേന്ദ്രം ജമ്മു കാശ്‌മീരിന്റെ വിവിധയിടങ്ങളില്‍ വിന്യസിച്ചിരുന്നു.നിലവില്‍ താഴ്‌വരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു കഴിഞ്ഞു. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് ബന്ധങ്ങളെല്ലാം തന്നെ വിച്ഛേദിക്കപ്പെട്ടു കഴിഞ്ഞു.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന ബില്‍ രാജ്യസഭയില്‍ ഇന്ന് രാവിലെ അവതരിപ്പിച്ചത്. അമിത് ഷായുടെ പ്രഖ്യാപനം വന്ന് നിമിഷങ്ങള്‍ക്കകം രാഷ്ട്രപതിയുടെ ഉത്തരവും പുറത്തിറങ്ങി. സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച് ബില്ലില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പിടുകയായിരുന്നു.