ബെംഗളൂരു:കർണാടകയിൽ വോട്ടെടുപ്പ് ആരംഭിച്ചു.ആദ്യ രണ്ടുമണിക്കൂർ പിന്നിടുമ്പോൾ എട്ടു ശതമാനം വോട്ടുകൾ രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്.224 മണ്ഡലങ്ങളിൽ 222 എണ്ണത്തിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.ബിജെപി സ്ഥാനാർഥിയുടെ മരണംമൂലം ജയനഗര മണ്ഡലത്തിലെയും പതിനായിരത്തോളം തിരിച്ചറിയൽ കാർഡുകൾ പിടിച്ചെടുത്തതിനെത്തുടർന്ന് ആർആർ നഗറിലെയും വോട്ടെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. ആർ നഗറിലെ വോട്ടെടുപ്പ് ഈ മാസം 28 ന് നടക്കും.സംസ്ഥാനത്തെ 5.12 കോടി ജനങ്ങളാണ് ഇന്ന് വോട്ടവകാശം വിനിയോഗിക്കുന്നത്.58,546 പോളിംഗ് ബൂത്തുകളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. പ്രശ്നബാധിതമായി കണ്ടെത്തിയ 12000 ബൂത്തുകളിൽ സുരക്ഷയ്ക്കായി കേന്ദ്ര സേനയെ ഏർപ്പെടുത്തിയിട്ടുണ്ട്.ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് മാത്രമായി 450 പിങ്ക് പോളിങ് ബൂത്തുകളും ഒരുക്കിയിട്ടുണ്ട്.വോട്ടെടുപ്പിന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.ഈ മാസം 15 നാണ് വോട്ടെണ്ണൽ നടക്കുക. ഭരണകക്ഷിയായ കോൺഗ്രസും ബിജെപിയും തമ്മിൽ കടുത്ത മത്സരമാണു നടക്കുന്നത്. സ്വാധീനം നിലനിർത്താൻ ജെഡി-എസും ശക്തമായി രംഗത്തുണ്ട്.