ബെംഗളൂരു:കർണാടകയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു.ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയും കോൺഗ്രസ്-ജെഡിഎസ് നേതാക്കളും മന്ത്രിസഭാ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ഗവർണറെ കണ്ടു.രണ്ടു ദിവസത്തെ സാവകാശമാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്.ജെഡിഎസുമായി ചേർന്ന് സർക്കാർ രൂപീകരിക്കുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കോൺഗ്രസ്.സർക്കാർ രൂപീകരിക്കാൻ ഗവർണർ അനുവദിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. സർക്കാർ രൂപീകരണത്തിന് സാധ്യമായ എല്ലാ വഴികളും തേടുമെന്നും അദ്ദേഹം അറിയിച്ചു. എച് ഡി ദേവഗൗഡയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കും എന്ന് ദേവഗൗഡയെ കോൺഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് ആവശ്യം.ഇത്രയും സീറ്റുകൾ ബിജെപിക്ക് കിട്ടില്ലെന്ന് വ്യക്തമായതോടെയാണ് കോൺഗ്രസ് ജെഡിഎസുമായി ചേർന്ന് സഖ്യം രൂപീകരിക്കാൻ തീരുമാനിച്ചത്.കർണാടകയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ ഗവർണ്ണർ വാജുഭായ് വാലയുടെ തീരുമാനം നിർണായകമാണ്.മോദിക്ക് നിയമസഭയിലെത്താൻ തന്റെ മണ്ഡലം ഒഴിഞ്ഞു കൊടുത്തയാളാണ് വാജുഭായ് വാല.മോദിയുടെ വിശ്വസ്തനായ ഗവർണ്ണർ സ്വീകരിക്കുന്ന നിലപാടിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്.