കണ്ണൂർ:പരിസ്ഥിതി ദിനമായ ജൂൺ 5 മുതൽ പ്രചാരണ പരിപാടികൾക്കായി ഫ്ളക്സുകൾ ഉപയോഗിക്കില്ലെന്ന് കണ്ണൂരിലെ വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രഖ്യാപിച്ചു.കളക്റ്ററേറ്റിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ പത്രസമ്മേളനം നടത്തി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.ജൂൺ അഞ്ചിന് ശേഷം ഫ്ളക്സ് ബോർഡുകൾ സ്ഥാപിക്കുന്നത് തടയാനും നിലവിലുള്ള ഫ്ലെക്സ് ബോർഡുകൾ നീക്കം ചെയ്യാൻ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.പുനരുൽപ്പാദനം സാധ്യമാകാത്ത ഫ്ളക്സുകളാണ് നീക്കം ചെയ്യുക.ഫ്ലെക്സുകൾ ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നേരത്തെ കണ്ണൂർ ജില്ലാ കലക്റ്റർ മിർ മുഹമ്മദലി രാഷ്ട്രീയപാർട്ടി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.ഫ്ളക്സിൽ നിന്നും തുണിയിലേക്ക് മാറുന്നതിനുള്ള രാഷ്ട്രീയ പാർട്ടികളുടെ തീരുമാനം സ്വാഗതാർഹമാണെന്ന് മന്ത്രി പറഞ്ഞു.ജൂൺ അഞ്ചിന് മുൻപായി രാഷ്ട്രീയ പാർട്ടികളുടെയും സ്വയംഭരണ സ്ഥാപനങ്ങളുടെയും യോഗം വിളിച്ച് ഇക്കാര്യം അറിയിക്കുമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അറിയിച്ചു.