തിരുവനന്തപുരം:അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള പോളിയോ ഭീഷണിമൂലം സംസ്ഥാനത്ത് നിർത്തിവെച്ച തുള്ളിമരുന്ന് വിതരണം വീണ്ടും തുടങ്ങാൻ തീരുമാനം.പാക്കിസ്ഥാനില്‍ നിന്നു ഗള്‍ഫ് രാജ്യങ്ങള്‍ വഴി കേരളത്തിലേക്കു പോളിയോ വ്യാപനം സംഭവിക്കാതിരിക്കാനാണ് നടപടി.കഴിഞ്ഞ വര്‍ഷം മുതല്‍ കേരളത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ 5 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കു മാത്രമാണു പോളിയോ പ്രതിരോധ മരുന്നു നിര്‍ബന്ധമാക്കിയിരുന്നത്.ഇത്തവണ 5 വയസ്സില്‍ താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും പോളിയോ തുള്ളിമരുന്നു വിതരണം നടത്തും.പാക്കിസ്ഥാനില്‍ പോളിയോ ബാധിതരുടെ എണ്ണം ഒന്‍പതിരട്ടിയിലേറെ ആയതോടെയാണ് ഈ നടപടി. 2019ല്‍ പാക്കിസ്ഥാനില്‍ 111 പേര്‍ക്കു പോളിയോ ബാധിച്ചു. പാക്കിസ്ഥാനില്‍ നിന്ന് ഒട്ടേറെപ്പേര്‍ ഗള്‍ഫ് രാജ്യങ്ങളിലുണ്ട്. ഗള്‍ഫ് മേഖലയില്‍ പതിനായിരക്കണക്കിനു കേരളീയരുമുണ്ട്. ഇതിനാല്‍ രോഗം കേരളക്കരയിലെത്തുമെന്ന ആശങ്ക ഇല്ലാതാക്കാനാണു പോളിയോ തുള്ളിമരുന്നു യജ്ഞം വീണ്ടും കര്‍ശനമാക്കുന്നത്.1985ല്‍ പള്‍സ് പോളിയോ യജ്ഞം ആരംഭിക്കുമ്പോൾ ലോകത്ത് 125 രാഷ്ട്രങ്ങളില്‍ പോളിയോ ഉണ്ടായിരുന്നു. 2016ല്‍ രോഗബാധ പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, നൈജീരിയ എന്നീ രാജ്യങ്ങളില്‍ മാത്രമായി ചുരുങ്ങി. ഇത്തവണ ഇന്ത്യയില്‍ രാജ്യമൊട്ടാകെ ഈ മാസം 19നാണു പോളിയോ തുള്ളിമരുന്നു യജ്ഞം നടത്തുന്നത്.അംഗന്‍വാടികള്‍,സ്കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ബസ്സ്റ്റാന്റുകള്,റെയില്‍വേ സ്റ്റേഷനുകള്‍, ഉത്സവങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ തുടങ്ങി കുട്ടികള്‍ വരാന്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും ബൂത്തുകള്‍ സ്ഥാപിച്ചാണ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം നടത്തുന്നത്. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് തുള്ളിമരുന്ന് വിതരണം. 20, 21 തീയതികളില്‍ വൊളന്റിയര്‍മാര്‍ വീടുകളിലെത്തി കുട്ടികള്‍ക്കു പോളിയോ തുള്ളിമരുന്നു നല്‍കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തും.കേരളത്തില്‍ 2000നു ശേഷവും ഇന്ത്യയില്‍ 2011നു ശേഷവും പോളിയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2011ല്‍ ബംഗാളിലാണു പോളിയോബാധ റിപ്പോര്‍ട്ട് ചെയ്തത്. 2014-ന് ശേഷം കേരളം പോളിയോ തുള്ളിമരുന്നുവിതരണം ഒരു ഘട്ടമായികുറച്ചു. 2019ല്‍ ഇതരസംസ്ഥാനക്കാര്‍ക്ക് മാത്രമായി മരുന്നുനല്‍കി.എന്നാല്‍ കഴിഞ്ഞമാസം 28-ന് ചേര്‍ന്ന കേന്ദ്ര ആരോഗ്യവകുപ്പിന്റെ പോളിയോ വിദഗ്ധ സമിതിയാണ് 2020,21 വര്‍ഷങ്ങളില്‍ക്കൂടി തുള്ളിമരുന്ന് നല്കാന് തീരുമാനമെടുത്തത്.ലോകമെമ്പാടും ലക്ഷക്കണക്കിന് പേര്‍ക്ക് അംഗവൈകല്യമുണ്ടാക്കിയ വൈറസാണ് പോളിയോ. രോഗിയുടെ വിസര്‍ജ്യത്തിലൂടെയാണ് ഇത് പകരുന്നത്. വയറ്റിലൂടെ ശരീരത്തിലെത്തി നാഡീവ്യൂഹത്തേയും തലച്ചോറിനേയും ബാധിക്കും.ചികിത്സകൊണ്ട് ഭേദമാക്കാനാവില്ല.പ്രതിരോധമാണ് ഫലപ്രദം. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളേയാണ് രോഗം കൂടുതല്‍ ബാധിക്കുന്നത്.