കൊല്ലം: ആഗോള ഭീകരനും അല്‍ക്വയ്ദ തലവനുമായിരുന്ന ബിന്‍ലാദന്റെ ചിത്രവും പേരും പതിച്ച പശ്ചിമബംഗാള്‍ രജിസ്‌ട്രേഷനിലുള്ള കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.WB 6 8451 എന്ന നമ്പറിലുള്ള ഹോണ്ട കാറാണ് കസ്റ്റഡിയിലെടുത്തത്.കാറിന്റെ ഉടമസ്ഥനായ പള്ളിമുക്ക് സ്വദേശി മുഹമ്മദ് ഹനീഫ് (22), വാഹനം ഓടിച്ചിരുന്ന താന്നി സ്വദേശി ഹരീഷ് (25) എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തു.സ്റ്റേഷനിലെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ ഒരു തമാശയ്ക്കാണ് ബിന്‍ ലാദന്റെ ചിത്രം പതിക്കുകയും പേരെഴുതുകയും ചെയ്തതെതെന്നാണ് മുഹമ്മദ് ഹനീഫ് പറയുന്നതെങ്കിലും പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. ആഗോള ഭീകരന്റെ ചിത്രവും പേരും പതിച്ച കാര്‍ ആഴ്ചകളായി നിരത്തിലൂടെ ഓടിയിട്ടും ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിട്ടും പൊലീസും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ഗൗരവമായെടുത്തിരുന്നില്ല എന്നും ആരോപണമുണ്ട്. ബിന്‍ലാദന്റെ ചിത്രം പതിച്ച കാര്‍ തട്ടാമല, കൂട്ടിക്കട, മയ്യനാട് ഭാഗങ്ങളിലൂടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരില്‍ ചിലരാണ് കാറിന്റെ ചിത്രം സഹിതം സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.കാറിന്റെ ചിത്രം സഹിതം ഡി.ജി.പി അടക്കമുള്ള ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്ക് പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ കൊല്ലത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് അടിയന്തര സന്ദേശം എത്തുകയായിരുന്നു.ഇന്നലെ ഹരീഷിന്റെ സുഹൃത്തിന്റെ വിവാഹം നടന്ന ഓഡിറ്റോറിയത്തില്‍ വരനെത്തിയത് അലങ്കരിച്ച ഈ കാറിലായിരുന്നു. ഇവിടെയുണ്ടായിരുന്ന ചിലര്‍ സിറ്റി പൊലീസ് കമ്മിഷണറെ വിവരമറിയിച്ചു. തുടര്‍ന്ന് വധൂവരന്മാരുമായി പോയ കാര്‍ അയത്തിലില്‍ വെച്ച് ഇരവിപുരം പൊലീസ് പിടികൂടുകയായിരുന്നു. നവദമ്പതികളെ മറ്റൊരു കാറില്‍ കയറ്റിവിട്ടു.ബീച്ച് റോഡിലെ ഒരു കടയില്‍ നിന്നാണ് കാറില്‍ സ്റ്റിക്കറൊട്ടിച്ചത്. കാറിന്റെ ഡിക്കിയില്‍ ഇടതുഭാഗത്തായി ബിന്‍ലാദന്റെ കറുത്ത കാരിക്കേച്ചര്‍ ചിത്രം പതിക്കുകയും പിന്‍ഭാഗത്തെ ഗ്ലാസില്‍ വലതുവശത്ത് ബിന്‍ലാദന്‍ എന്ന് ഇംഗ്ലീഷില്‍ പേരെഴുതുകയും ചെയ്തു. പശ്ചിമബംഗാള്‍ സ്വദേശിയായ പ്രവീണ്‍ അഗര്‍വാളിന്റെ പേരിലാണ് കാറിന്റെ രജിസ്‌ട്രേഷന്‍ ഇപ്പോഴും. ഒരുവര്‍ഷം മുൻപാണ് ബാംഗ്ലൂര്‍ സ്വദേശി ഇത് വാങ്ങിയത്. ഇതുവരെ കാറിന്റെ രജിസ്‌ട്രേഷന്‍ മാറ്റാന്‍ അപേക്ഷനല്‍കിയിട്ടില്ല.ഇതെങ്ങനെ കൊല്ലം സ്വദേശിയുടെ കയ്യില്‍ വന്നെന്നാണ് പോലീസ് അന്വേഷിക്കുന്നത്. അന്യസംസ്ഥാനത്തുനിന്ന് വാങ്ങുന്ന വാഹനം രജിസ്‌ട്രേഷന്‍ മാറ്റാതെ 6 മാസം വരെ മാത്രമേ ഓടിയ്ക്കാവൂ എന്നാണ് നിയമം. ഹനീഫിന്റെ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. കേന്ദ്ര ഇന്റലിജന്‍സും അന്വേഷണം ആരംഭിച്ചു.
Kerala, News
കൊല്ലത്ത് നിന്നും ബിന്‍ലാദന്റെ ചിത്രം പതിച്ച കാര്‍ കസ്റ്റഡിയിലെടുത്തു
Previous Articleഇരിട്ടിയിൽ നൂറു രൂപയുടെ കള്ളനോട്ട് കണ്ടെത്തി