കോട്ടയം: ലൈംഗിക തൊഴിലാളി എന്ന പേരില്‍ ഫോണ്‍ നമ്പർ പ്രചരിപ്പിച്ചതോടെ ജീവിതം വഴിമുട്ടിയ വീട്ടമ്മയ്ക്ക് തുണയായി ഒടുവില്‍ പൊലീസിന്റെ ഇടപെടല്‍. കുടുബം നോക്കാന്‍ തയ്യല്‍ ജോലി ചെയ്യുന്ന വാകത്താനം സ്വദേശിനിയുടെ മൊബൈല്‍ നമ്പറാണ് ചില സാമൂഹിക വിരുദ്ധര്‍ ശൗചാലയങ്ങളിലും മറ്റും എഴുത്തുവെച്ച് തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചത്. പൊലീസില്‍ പലവട്ടം പരാതി നല്‍കിയെങ്കിലും ചെറിയ നടപടി പോലുമില്ലാതെ വന്നതോടെ എന്തു ചെയ്യുമെന്ന ആശങ്കയില്‍ ആയിരുന്നു ഇവര്‍.സംഭവത്തിൽ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതിനു പിന്നാലെ ചങ്ങനാശേരി പൊലീസ് കേസെടുക്കുകയായിരുന്നു. വീട്ടമ്മയുടെ ഫോണിലേക്കു വിളിച്ചു ശല്യപ്പെടുത്തിയവരുടെ നമ്പറുകളും ശേഖരിക്കും.സൈബര്‍ സെല്ലിന്റെ സഹായത്തോടെയായിരിക്കും അന്വേഷണം. ഒരുദിവസം അൻപതിലധികം കോളുകള്‍ ഫോണില്‍ വരുന്നതായി വീട്ടമ്മ പറഞ്ഞിരുന്നു. ഒരു നമ്പറിൽ നിന്നുതന്നെ മുപ്പതിലധികം കോളുകളും വന്നിട്ടുണ്ട്. മക്കളാണ് ഫോണെടുക്കുന്നതെങ്കില്‍ അവരോടും ഇതേ രീതിയിലാണ് സംസാരം. ഇവരുടെ എല്ലാം വിവരങ്ങള്‍ ശേഖരിച്ച്, കര്‍ശന നടപടി സ്വീകരിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്.