കാസർകോഡ്:പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത്ലാലിനെയും കൊലപ്പെടുത്തിയ കേസിൽ അന്വേഷണം സംഘം പ്രതികൾ കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കരുതി ഹാജരാക്കിയ ആയുധങ്ങൾ പോലീസ് സർജൻ കോടതിയിലെത്തി പരിശോധിച്ചു.ഇരുവരുടെയും മൃതദേഹ പരിശോധന നടത്തിയ പരിയാരം മെഡിക്കൽ കോളേജിലെ പോലീസ് സർജൻ എസ്.ഗോപാലകൃഷ്ണ പിള്ളയാണ് ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലെത്തി ആയുധങ്ങൾ കണ്ടത്.മൂന്നു വടിവാൾ,രണ്ട് ഇരുബ് പൈപ്പുകൾ,രണ്ട് ഇരുമ്പ് ദണ്ഡ് എന്നിവയാണ് കാണിച്ചത്.പ്ലാസ്റ്റിക് ഷീറ്റുകളിൽ പൊതിഞ്ഞ ആയുധങ്ങൾ അഴിച്ചുനോക്കാനോ കയ്യിലെടുത്ത് പരിശോധിക്കാനോ കോടതി അനുമതി നൽകിയിരുന്നില്ല.കോടതി സൂപ്രണ്ട് കെ.അനിതകുമാരി ആയുധങ്ങൾ കോടതിമുറിയിലെ മേശപ്പുറത്ത് നിരത്തിവെച്ചു.തൊട്ടുനോക്കാതെ ആയുധങ്ങളുടെ മൂർച്ച എങ്ങനെയറിയുമെന്ന് സർജൻ ചോദിച്ചു.എന്നാൽ കോടതി ഉത്തരവനുസരിച്ച് ആയുധങ്ങൾ തൊട്ട് പരിശോധിക്കാൻ സാധിക്കില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ എം.വി ദിലീപ് കുമാർ വാദിച്ചു.തുടർന്ന് കോടതിയുത്തരവ് വായിച്ച പോലീസ് സർജൻ ഒരോ ആയുധങ്ങളുടെയും പുറത്ത് കുറിപ്പിലുണ്ടായിരുന്ന കാര്യങ്ങൾ എഴുതിയെടുത്തു.സുപ്രണ്ടിനോട് ആയുധങ്ങൾ ഓരോന്നായി എടുത്തുനോക്കാൻ പറയുകയും അതിനനുസരിച്ച് ഓരോന്നും എടുക്കുമ്പോൾ കനമുണ്ടോ മൂർച്ച തോന്നുന്നുണ്ടോ എന്നൊക്കെ ചോദിച്ച് മറുപടി എഴുതിയെടുക്കുകയും ചെയ്തു.അസി.പബ്ലിക് പ്രോസിക്യൂട്ടർ എം.വി ശൈലജ,ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പി.എം പ്രദീപ് എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.