Kerala, News

മാധ്യമ പ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമർപ്പിച്ചു;ശ്രീറാം വെങ്കിട്ടരാമൻ ഒന്നാം പ്രതി

keralanews police submitted charge sheet in the case of journalist killed in car accident and sriram venkitaraman is the first defendent

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. വാഹനമോടിച്ച ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഒന്നാം പ്രതിയും കാറില്‍ ഒപ്പമുണ്ടായിരുന്ന പെണ്‍ സുഹൃത്ത് വഫ ഫിറോസ് രണ്ടാം പ്രതിയുമായാണ് കുറ്റപത്രം. തിരുവനന്തപും വഞ്ചിയൂര്‍ സി ജെ എം കോടതി മൂന്നിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മദ്യപിച്ച്‌ അമിതവേഗത്തില്‍ കാറോടിച്ചതാണ് അപകടം കാരണമെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്.ഐപിസി 304 മനപൂര്‍വമല്ലാത്ത നരഹത്യ, മദ്യപിച്ച്‌ വാഹനേമാടിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, മോട്ടോര്‍ വാഹന നിയമത്തിലെ 184, 185, 188 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ എന്നിവയാണ് ശ്രീറാമിന് എതിരെ ചുമത്തിയിരിക്കുന്നത്. മദ്യപിച്ച ശ്രീറാമിനെ വാഹനമോടിക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് വഫക്ക് എതിരായ കുറ്റം. വഫ ഫിറോസ് നിരന്തരമായി ഗതാഗത നിയമം ലംഘിക്കുന്ന വ്യക്തിയാണെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച്‌ അമിതവേഗത്തിലാണ് വാഹനമോടിച്ചതെന്ന് 66 പേജുള്ള കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. 100 സാക്ഷികളെ വിസ്തരിച്ചു. 75 തൊണ്ടിമുതലുകളും 84 രേഖകളും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു.ശ്രീറാമിന്റെ സസ്‌പെന്‍ഷന്‍ കാലാവധി സര്‍ക്കാര്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടിയിരുന്നു. സസ്പെന്‍ഷനിലുള്ള ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെ തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി ടോം ജോസ് ചെയര്‍മാനായ ഉദ്യോഗസ്ഥ സമിതി മുഖ്യമന്ത്രി പിണറായി വിജയനോട് ശുപാര്‍ശ ചെയ്തിരുന്നു. കേസില്‍ പൊലീസ് ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നായിരുന്നു നടപടി. ഇത് വിവാദമായതിന് പിന്നാലെയാണ് ശ്രീറാം വെങ്കിട്ടറാമിന്റെ സസ്‌പെന്‍ഷന്‍ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടത്.

Previous ArticleNext Article