കർണാടക:ബംഗളൂരു മെട്രോ സ്റ്റേഷനില്‍നിന്ന് സുരക്ഷാപരിശോധനയ്ക്കിടെ രക്ഷപ്പെട്ട അജ്ഞാതനെ കണ്ടെത്താന്‍ അന്വേഷണം ശക്തമാക്കി പോലീസ്. അരയില്‍ സംശയകരമായ വസ്തു ഘടിപ്പിച്ചെത്തിയ അജ്ഞാതനാണ് സുരക്ഷാ പരിശോധനയ്ക്കിടെ കടന്നു കളഞ്ഞത്. അറബി വസ്ത്രം ധരിച്ചെത്തിയ ഇയാളെ ചോദ്യം ചെയ്യാന്‍ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞുവച്ചെങ്കിലും രക്ഷപെടുകയായിരുന്നു. ഇയാള്‍ക്ക് നാല്‍പത് വയസ്സ് പ്രായം തോന്നിക്കും.മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധന ഒഴിവാക്കി അകത്തു കടക്കാനും ഇയാള്‍ ശ്രമം നടത്തിയിരുന്നു.സുരക്ഷാവേലി ചാടിക്കടക്കാന്‍ ശ്രമിക്കുന്നതിനിടെ തടഞ്ഞപ്പോള്‍ കടത്തിവിടുന്നതിനായി ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായും ജീവനക്കാര്‍ പോലീസിനെ അറിയിച്ചു. സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചു.അജ്ഞാതനെ സുരക്ഷാ ജീവനക്കാര്‍ മെറ്റല്‍ ഡിക്റ്റക്ടര്‍ ഉപയോഗിച്ച് പരിശോധന നടത്തുമ്ബോള്‍ ബീപ് ശബ്ദം കേട്ടതായി ബംഗളൂരു മെട്രോ വക്താവ് യശ്വന്ത് ചവാന്‍ പറഞ്ഞു. ബീപ് ശബ്ദം കേട്ടതിനെ തുടര്‍ന്ന് ജീവനക്കാര്‍ ഇയാളെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചതോടെ പെട്ടെന്ന് കടന്നുകളയുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബിഎംടിസി, കെഎസ്‌ആര്‍ടിസി, റെയില്‍വെ സ്റ്റേഷന്‍, മജെസ്റ്റികിന്‍റെ പരിസരപ്രദേശങ്ങള്‍, നഗരത്തിലെ എല്ലാ മെട്രോസ്റ്റേഷനുകള്‍ എന്നിവിടങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.