കോഴിക്കോട്:മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചതിന് അറസ്റ്റിലായ യുവാക്കൾക്കെതിരെ യുഎപിഎ(അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്‌ട്) നിലനിൽക്കുമെന്ന് പോലീസ്.ഇതിനാവശ്യമായ ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.അറസ്റ്റിലായ യുവാക്കളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കാനിരിക്കവെയാണ് പോലീസ് ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയത്. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യഹരജി പരിഗണിക്കുന്നത്. ഇന്നലെ ഹരജി പരിഗണിച്ചപ്പോള്‍ യു.എ.പി.എ ചുമത്തിയത് പുനഃപരിശോധിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു.എന്നാൽ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ പ്രോസിക്യൂഷന്‍ ഈ വാദത്തെ എതിര്‍ക്കും. സര്‍ക്കാര്‍ പ്ലീഡര്‍ ഇത്തരത്തില്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കുമെന്നുമാണു സൂചന.യുഎപി കേസുകളില്‍ സെഷന്‍സ് കോടതികള്‍ സാധാരണ ജാമ്യം നല്‍കാറില്ല. കുറ്റപത്രം തയാറായി കഴിയുമ്പോഴോ 90 ദിവസ കാലാവധിക്കു ശേഷമോ ആണ് ഇത്തരം കേസുകളില്‍ ജാമ്യം ലഭിക്കാന്‍ സാധ്യത. സംഭവത്തില്‍ കേസ് വിവരങ്ങള്‍ വേഗത്തില്‍ ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജി അധ്യക്ഷനായ യുഎപിഎ പരിശോധനാ സമിതിക്കു കൈമാറാന്‍ പോലീസിനോടു സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സമിതി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകും പ്രോസിക്യൂഷന്‍ അനുമതിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ഇതിനുശേഷം മാത്രമേ ഇനി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതടക്കമുള്ള തുടര്‍നടപടികള്‍ പോലീസിനു സ്വീകരിക്കാനാകൂ.അതേസമയം, സിപിഎം പ്രവര്‍ത്തകരായ യുവാക്കളെ യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തതു മേലുദ്യോഗസ്ഥരുടെ അറിവോടെയെന്നാണു സൂചന. യുഎപിഎ ചുമത്തുന്നതിന് മുൻപ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അനുമതി ലോക്കല്‍ പോലീസ് തേടിയിരുന്നു.യുഎപിഎ ചുമത്തുന്നതിനു മുന്നോടിയായി ഡിജിപി പുറപ്പെടുവിച്ച മാനദണ്ഡങ്ങളെല്ലാം പാലിച്ചിരുന്നതായി പന്തീരാങ്കാവ് പോലീസ് പറഞ്ഞു.ജില്ലാ പോലീസ് മേധാവിയുടെ അനുമതി വാങ്ങണമെന്നാണു ഡിജിപിയുടെ നിര്‍ദേശം. ഇതു പ്രകാരം സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജിന്‍റെ അനുമതി പന്തീരാങ്കാവ് പോലീസ് വാങ്ങിയിരുന്നു. എഫ്‌ഐആര്‍ തയാറാക്കിയതും കമ്മീഷണറുടെയും മറ്റും അനുമതിയോടെ തന്നെയാണ്. സിപിഎം പ്രവര്‍ത്തകരായതിനാല്‍ കമ്മീഷണര്‍ ഐജിയെയും ഐജി എഡിജിപിയെയും ഡിജിപിയെയും ഇക്കാര്യം അറിയിച്ചിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് നടപടികളിലേക്കു പോലീസ് നീങ്ങിയത്.