കൊല്ലം:ഓച്ചിറയില്‍ രാജസ്ഥാൻ സ്വദേശികളായ വഴിയോരക്കച്ചവടക്കാരുടെ മകളെ തട്ടിക്കൊണ്ടു പോയ സംഘം ബംഗളൂരുവിലേക്ക് കടന്നതായി പോലീസ്.പ്രതി ബംഗളുരുവിലേയ്ക്കുള്ള ട്രെയിന്‍ ടിക്കറ്റെടുത്തതിനുള്ള തെളിവ് ലഭിച്ചുവെന്നും ഓച്ചിറ സ്വദേശി റോഷനും സംഘവുമാണ് പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും പൊലീസ് പറഞ്ഞു.നേരത്തെ പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കായംകുളത്ത് നിന്നും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഓച്ചിറ സ്വദേശികളായ അനന്തു, ബിബിന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.18 ന് രാത്രിയില്‍ പത്ത് മണിയോടെയായിരുന്നു സംഭവം. റോഷന്റെ നേതൃത്വത്തിലെത്തിയ സംഘം പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയും പെണ്‍കുട്ടിയെ ബലമായി പിടിച്ചു കൊണ്ടു പോകുകയുമായിരുന്നു. ഈ സമയം പെണ്‍കുട്ടിയെ രക്ഷിക്കാനെത്തിയ പിതാവിനെ റോഷന്‍ ആക്രമിക്കുകയും കൈ കടിച്ചു മുറിക്കുകയും ചെയ്തു. ശേഷം പെണ്‍കുട്ടിയെ ബലമായി പിടിച്ചു വലിച്ച് സമീപത്തുള്ള പരബ്രഹ്മാ ആശുപത്രിയുടെ മുന്നിലെത്തിക്കുകയും അവിടെ പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ കയറ്റി കൊണ്ടു പോകുകയുമായിരുന്നു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും പെണ്‍കുട്ടിയുമായി സംഘം കടന്നു കളയുകയായിരുന്നു.പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസുകാര്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് അന്വേഷണം തുടങ്ങിയത്.