കണ്ണൂർ: ഹർത്താൽ ദിനത്തിലെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇന്നും പോലീസ് റെയ്ഡ്. അക്രമ സംഭവങ്ങളിൽ നേരിട്ട് പങ്കെടുത്ത സംഘടനയുടെ പ്രാദേശിക നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലുമായായിരുന്നു പരിശോധന. ഇവർ ചിലർ ഒളിവിൽ പോയതായി പോലീസിന് വ്യക്തമായി. കൂത്തുപറമ്പ് എസിപി പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.പാലോട്ടുപള്ളി, നടുവനാട് , പത്തൊൻപതാം മൈൽ എന്നിവിടങ്ങളിലെ കടകളിലും വീടുകളിലുമാണ് പ്രധാനമായും പരിശോധന നടന്നത്. ഇന്നലെ കണ്ണൂരിലെ ബി മാർട്ട് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട 4 കേന്ദ്രങ്ങളിൽ പരിശോധന നടത്തുകയും ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പിന്നാലെ ഇന്ന് രാവിലെ മട്ടന്നൂരിലെ ഫാത്തിമാസ് എന്ന ഫർണീച്ചർ കടയിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഹർത്താൽ ദിനത്തിലെ അക്രമസംഭവങ്ങൾ സമാന സ്വഭാവമുള്ളതായിരുന്നതിനാൽ ഇത് കൃത്യമായ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്ഥാപനങ്ങളിൽവെച്ചാണ് ഗൂഢാലോചന നടന്നതെന്നാണ് പൊലീസ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.