തിരുവനന്തപുരം:പാർട്ടിയെ ഞെട്ടിച്ച് സിപിഎം ജില്ലാകമ്മിറ്റി ഓഫീസിൽ അർധരാത്രി പോലീസ് റെയ്‌ഡ്.ഡിസിപിയുടെ താല്‍ക്കാലിക ചുമതല വഹിച്ച എസ്പി ചൈത്ര തെരേസ ജോണ്‍ ആണ് സാധാരണ പോലീസുകാര്‍ റെയ്ഡുമായി കടന്ന് ചെല്ലാന്‍ ധൈര്യപ്പെടാത്ത പാര്‍ട്ടി ഓഫീസിലേക്ക് പോലീസ് പടയുമായി എത്തിയത്.പോലീസ് സ്‌റ്റേഷന് കല്ലെറിഞ്ഞ കേസില്‍ പ്രതികളായ ഡിവൈഎഫ്‌ഐ പ്രവർത്തകർ ഓഫീസിൽ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു റെയ്‌ഡ്. ബുധനാഴ്ച രാത്രിയോടെ അന്‍പതോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന് നേരെ കല്ലെറിഞ്ഞിരുന്നു.ഇവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലായിരുന്നു പോലീസ്.പ്രതികള്‍ മേട്ടുക്കടയിലുളള സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലുളളതായി പോലീസിന് വിവരം ലഭിച്ചു. സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ചാണ് ഇക്കാര്യം റിപ്പോര്‍ട്ട് നല്‍കിയത്. ഇതോടെയാണ് പാര്‍ട്ടി ഓഫീസില്‍ റെയ്ഡ് നടത്താന്‍ ഡിസിപി തീരുമാനിച്ചത്. അപ്രതീക്ഷിതമായി എത്തിയ പോലീസ് സംഘത്തെ കണ്ടപ്പോള്‍ ഓഫീസിലുണ്ടായിരുന്ന നേതാക്കളും പ്രവര്‍ത്തകരും അമ്പരന്നു.റെയ്ഡ് നടത്താന്‍ അനുവദിക്കില്ലെന്ന് പാര്‍ട്ടി നേതാക്കള്‍ നിലപാടെടുത്തെങ്കിലും പരിശോധന നടത്താതെ തിരിച്ച് പോകില്ലെന്ന് ഡിസിപി വ്യക്തമാക്കിയതോടെ നേതാക്കള്‍ വഴങ്ങി.എന്നാൽ റെയ്‌ഡിൽ ആരെയും പിടികൂടാനായില്ല. റെയ്ഡിന് പിന്നാലെ ഡിസിപിക്കെതിരെ സിപിഎം ജില്ലാ നേതൃത്വം പരാതിയുമായി മുഖ്യമന്ത്രിയെയും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തേയും സമീപിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെട്ടു. ശബരിമല ഡ്യൂട്ടിക്ക് ശേഷം നാല് ദിവസത്തേക്ക് മെഡിക്കല്‍ ലീവില്‍ ആയിരുന്ന ഡിസിപി ആര്‍ ആദിത്യയെ അവധി റദ്ദാക്കി തിരിച്ച് വിളിച്ചു. ചൈത്ര തെരേസ ജോണിനെ വനിതാ സെല്‍ എസ്പിയുടെ കസേരയിലേക്ക് തന്നെ തിരിച്ചയച്ചു. റെയ്‌ഡ് നടത്തിയ സംഭവത്തിൽ ഡിസിപി യുടെ ചുമതല വഹിച്ചിരുന്ന എസ്പി ചൈത്ര തെരേസ ജോണിനോട് മുഖ്യമന്ത്രി നേരിട്ട് വിശദീകരണം തേടി.സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ തിരുവനന്തപുരം കമ്മീഷണർക്ക് നിർദേശം നൽകുകയും ചെയ്തു.