Kerala, News

ദിവസങ്ങളോളം ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകം;കോതമംഗലത്തെ ഡെന്റൽ വിദ്യാർത്ഥിനിയുടെ കൊലപാതകത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

keralanews police intensified probe in murder of dental college student in kothamangalam

കൊച്ചി:കോതമംഗലത്ത് ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവെച്ച് കൊന്ന സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. ദിവസങ്ങളോളം ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണിതെന്നാണ് പൊലീസിന്റെ നിഗമനം.വിശദമായ അന്വേഷണത്തിനായി പോലീസ് ബാലിസ്റ്റിക് സംഘത്തിന്റെ സഹായം തേടി. റൂറൽ എസ്പി കെ കാർത്തിക് ആണ് ഇക്കാര്യം അറിയിച്ചത്.വിദ്യാർത്ഥിനിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്ക് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് വിശദമായ പരിശോധനയ്‌ക്ക് വിധേയമാക്കും. വെള്ളിയാഴ്ച ഉച്ചയ്‌ക്കാണ് ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയായ മാനസയെ സുഹൃത്തായ രാഖിൽ വെടിവെച്ച് കൊന്നത്. വ്യക്തിവൈരാഗ്യമാണ് സംഭവത്തിന് പിന്നിൽ.കണ്ണൂർ സ്വദേശികളായ രാഖിലും മാനസയും  ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും പ്രണയത്തിലാകുകയായിരുന്നു. ഇതിനിടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. ഇവിടെ നിന്നാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്.നിരവധി തവണ രാഖിൽ മാനസയെ ശല്യം ചെയ്യുകയും, ഇതേ തുടർന്ന് പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതിപ്പെടുകയും ചെയ്തിരുന്നു. കോതമംഗലത്തുള്ള താമസ സ്ഥലത്ത് എത്തിയാണ് രാഖിൽ മാനസയ്‌ക്ക് നേരെ വെടിയുതിർത്തത്.മൂന്ന് സഹപാഠികളോടൊപ്പം മാനസ വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് രാഖില്‍ എത്തിയത്. രാഖിലിനെ കണ്ടയുടനെ എന്തിനാണ് ഇവിടെ വന്നതെന്ന് ചോദിച്ച്‌ മാനസ ക്ഷുഭിതയായി. മാനസയെ മുറിയിലേക്ക് രാഖില്‍ പിടിച്ചുവലിച്ച്‌ കൊണ്ടുപോയതോടെ സഹപാഠികള്‍ വീട്ടുടമസ്ഥയെ വിവരമറിയിക്കാനായി താഴേക്ക് ഇറങ്ങിയോടി. ഈ സമയത്താണ് വെടിയൊച്ച കേട്ടത്. തുടര്‍ന്ന് വീട്ടുടമസ്ഥയും മകനും മുറിയുടെ വാതില്‍ തുറന്ന് അകത്ത് കയറുമ്പോൾ ഇരുവരും ചോരയില്‍ കുളിച്ച നിലയിലായിരുന്നു.രണ്ട് വെടിയുണ്ടകളാണ് മാനസയുടെ ശരീരത്തിൽ ഏറ്റത്. തലയിലും വയറിലുമാണ് ഇത്. തലയിലേറ്റ വെടിയുണ്ട തലയോട്ടി തകർത്ത് പുറത്തുവന്നിട്ടുണ്ട്. കൃത്യത്തിന് ശേഷം തലയിൽ വെടി വെച്ച് രാഖിലും ജീവനൊടുക്കുകയായിരുന്നു.

Previous ArticleNext Article