കൊച്ചി: മഹാരാജാസ് കോളേജിലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലയാളിയെ തിരിച്ചറിഞ്ഞതായി പൊലീസ്. മുഹമ്മദ് എന്നയാളെയാണ് തിരിച്ചറിഞ്ഞത്. ഇയാളാണ് അഭിമന്യുവിനെ കുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി മുഹമ്മദിനെ കൂടാതെ മറ്റൊരു മുഹമ്മദ് കൂടി കൊലയാളി സംഘത്തില്‍ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി.അഭിമന്യുവിനെ കുത്തിയത് പ്രൊഫഷണൽ കൊലയാളിയാലെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കൊലപാതകത്തിന് വേണ്ടി മാത്രം ഉപയോഗിക്കുന്ന കത്തികൊണ്ടുള്ള മുറിവ് ആന്തരിക രക്തസ്രാവത്തിന് ഇടയാക്കിയതായും ഹൃദയത്തിനേറ്റ മുറിവാണ് അഭിമന്യു തൽക്ഷണം മരിക്കാൻ കാരണമായതെന്നും പോലീസ് പറഞ്ഞു. അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട് നാല് എസ്ഡിപിഐ – പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരും ഉള്‍പ്പെടുന്നതായാണ് സൂചന. പ്രതികള്‍ക്കായി സംസ്ഥാനത്തിന് അകത്തും പുറത്തും പൊലീസ് വ്യാപക പരിശോധന നടത്തുകയാണ്.അഭിമന്യു വധക്കേസില്‍ പിടിയിലായി റിമാന്‍ഡില്‍ കഴിയുന്ന ഫറൂഖ്, ബിലാല്‍, റിയാസ് എന്നിവരെ പൊലീസ് ഇന്ന് കസ്‌റ്റഡിയില്‍ വാങ്ങും. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കേസിലെ ഗൂഢാലോചന കൂടുതല്‍ വ്യക്തമാകുമെന്ന് പൊലീസ് പറയുന്നു.