India, Kerala, News

ഗുണ്ടാ നേതാവിന്റെ പിറന്നാളാഘോഷത്തിനിടെ 76 പിടികിട്ടാപുള്ളികളെ പോലീസ് വലയിലാക്കി

keralanews police captured 76 wanted men during the birthday celebration of gangster binu

ചെന്നൈ:ഗുണ്ടാ നേതാവിന്റെ പിറന്നാളാഘോഷത്തിനിടെ ചെന്നൈയിൽ 76 പിടികിട്ടാപുള്ളികളെ പോലീസ് അറസ്റ്റ് ചെയ്തു.ചെന്നൈ അമ്പത്തൂർ മലയമ്പാക്കത്ത് ഗുണ്ടാനേതാവ് ബിനുവിന്റെ പിറന്നാൾ ആഘോഷിക്കാൻ എത്തിയവരാണ് പോലീസ് പിടിയിലായത്.അൻപതുപേരടങ്ങിയ പോലീസ് സംഘമാണ് പിടികിട്ടാപുള്ളികളെ പിടികൂടിയത്. ചൊവ്വാഴ്ച വൈകിട്ട് പള്ളികരണയിൽ പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ മദൻ എന്ന ഗുണ്ട പോലീസ് പിടിയിലായതോടെയാണ് പിന്നാളാഘോഷത്തെ പറ്റി പൊലീസിന് വിവരം ലഭിക്കുന്നത്.ബിനുവിന്റെ പിറന്നാൾ ആഘോഷത്തിൽ നഗരത്തിലെ പ്രധാന ഗുണ്ടകളൊക്കെ പങ്കെടുമെന്നും ഇതിൽ പങ്കെടുക്കുന്നതിനാണ് താനും പോകുന്നതെന്നും മദൻ പൊലീസിന് മൊഴി നൽകിയിരുന്നു. തുടർന്ന് ‘ഓപ്പറേഷൻ ബർത്ത്ഡേ’ എന്ന പേരിൽ ഗുണ്ടാ വേട്ട നടത്താൻ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ സംഘത്തെ നിയോഗിക്കുകയായിരുന്നു. ആളൊഴിഞ്ഞ പ്രദേശത്തുള്ള വർക്ക് ഷോപ്പിനു സമീപമാണ് ആഘോഷം നടന്നത്. ആഘോഷത്തിൽ പങ്കെടുക്കാൻ 150 ലധികം പേർ എത്തിയിരുന്നു.വടിവാൾ ഉപയോഗിച്ചാണ് ബിനു കേക്ക് മുറിച്ചത്.ആഘോഷം തുടങ്ങിയതോടെ പോലീസ് സംഘം തോക്കുമായി ചാടിവീഴുകയായിരുന്നു. ഇതോടെ ഗുണ്ടകൾ ചിതറിയോടി.ഇവരിൽ പലരെയും തോക്കുചൂണ്ടി പോലീസ് പിടികൂടി.നാട്ടുകാരുടെ സഹകരണത്തോടുകൂടി നടത്തിയ തിരച്ചിലിലാണ് സമീപ പ്രദേശങ്ങളിൽ ഒളിച്ചിരുന്നവരെ പോലീസ് പിടികൂടിയത്.ചൊവ്വാഴ്ച രാത്രി ഒൻപതു മണിക്ക് തുടങ്ങിയ ഓപ്പറേഷൻ ബുധനാഴ്ച രാവിലെ അഞ്ചുമണി വരെ തുടർന്നു.പിടിയിലായവർ വിവിധ ക്രിമിനൽ കേസുകൾ പ്രതികളാണ്.പിടിയിലായവരുടെ അറസ്റ്റ് അതാതു പോലീസ് സ്റ്റേഷനുകളിൽ രേഖപ്പെടുത്തിയ പോലീസ് രക്ഷപെട്ട ബിനു അടക്കമുള്ള പ്രതികൾക്കായുള്ള തിരച്ചിൽ ശക്തമാക്കുമെന്നും അറിയിച്ചു.

Previous ArticleNext Article