ഇരിട്ടി:ജനങ്ങളെ വലച്ച സ്വകാര്യ ബസ് പണിമുടക്കിൽ ആശ്വാസമായി പൊലീസിന്റെ സൗജന്യ യാത്രാ സർവീസ്.ബസ് കണ്ടക്ടറെ മട്ടന്നൂരിൽ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ചാണ് ബസ് ഉടമകളും ജീവനക്കാരും ഇരിട്ടി–മട്ടന്നൂർ–കണ്ണൂർ, ഇരിട്ടി–മട്ടന്നൂർ–തലശ്ശേരി റൂട്ടുകളിൽ പണിമുടക്ക് നടത്തിയത്. മട്ടന്നൂർ പൊലീസിന്റെ നേതൃത്വത്തിലാണു പൊലീസ് ബസിൽ സൗജന്യ യാത്ര ഏർപ്പെടുത്തിയത്. കെഎസ്ആർടിസിയും കൂടുതൽ സർവീസ് ഏർപ്പെടുത്തി. തലശ്ശേരി–വളവുപാറ റോഡ് നിർമാണവുമായി ബന്ധപ്പെട്ടുള്ള സാഹചര്യങ്ങളാൽ നിശ്ചിത സമയത്ത് ഓടിയെത്താൻ കഴിയുന്നില്ലെന്നും ഇതു മനസ്സിലാക്കാതെ പൊലീസ് പീഡിപ്പിക്കുകയാണെന്നുമാണു ബസ് തൊഴിലാളി സംയുക്ത സമരസമിതിയുടെ ആരോപണം.