Kerala, News

അർധരാത്രി ഒറ്റയ്ക്ക് യാത്രചെയ്ത വിദ്യാർത്ഥിനിയെ സ്റ്റോപ്പിൽ ഇറക്കാതെ പോയ മിന്നലിനെ പോലീസ് ജീപ്പ് കുറുകെയിട്ട് തടഞ്ഞു

keralanews police blocked the ksrtc minnal bus which did not stop in the busstop

പയ്യോളി:അർധരാത്രി ഒറ്റയ്ക്ക് യാത്രചെയ്ത വിദ്യാർത്ഥിനിയെ സ്റ്റോപ്പിൽ ഇറക്കാതെ പോയ മിന്നലിനെ പോലീസ് ജീപ്പ് കുറുകെയിട്ട് തടഞ്ഞു.ബസിന് രണ്ടു സ്ഥലത്തുവെച്ച് പോലീസ് കൈകാണിച്ചെങ്കിലും നിർത്താതെ പോയതിനെ തുടർന്ന് ചോമ്പാല കുഞ്ഞിപ്പള്ളിക്ക് സമീപം പോലീസ് ജീപ്പ് കുറുകെയിട്ട് തടയുകയായിരുന്നു.ശനിയാഴ്ച പുലർച്ചെ ദേശീയ പാതയിലാണ് സംഭവങ്ങൾ അരങ്ങേറിയത്. കോട്ടയം പാലായിലെ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിനി രാത്രി എട്ടുമണിക്കാണ് പാലായിൽ നിന്നും കെഎസ്ആർടിസി മിന്നൽ ബസ്സിൽ കയറിയത്. വരെയായിരുന്നു ഓൺലൈൻ വഴി ടിക്കട്റ്റ് ബുക്ക് ചെയ്തിരുന്നത്. കോഴിക്കോട്ട് എത്തിയപ്പോഴാണ് ബസ് കാസർകോട്ടേക്കാണെന്നു മനസിലായത്.തുടർന്ന് പയ്യോളിയിൽ ഇറങ്ങുന്നതിനായി ഈ ബസിൽ തന്നെ യാത്ര ചെയ്യാൻ തീരുമാനിച്ചു.എന്നാൽ കണ്ടക്റ്റർ ടിക്കറ്റ്  എടുക്കാൻ വന്നപ്പഴേക്കും ബസ് കോഴിക്കോട് വിട്ടിരുന്നു.ബസ് പയ്യോളിയിൽ നിർത്തില്ലെന്നു പറഞ്ഞ കണ്ടക്റ്റർ വേണമെങ്കിൽ കണ്ണൂർക്ക് ടിക്കറ്റ് എടുക്കാമെന്ന് പറഞ്ഞു.മിന്നൽ ബസിനു ഒരു ജില്ലാ കേന്ദ്രം കഴിഞ്ഞാൽ അടുത്ത ജില്ലാ കേന്ദ്രത്തിൽ മാത്രമേ സ്റ്റോപ്പുള്ളൂ എന്ന് പറഞ്ഞതിനാൽ വിദ്യാർത്ഥിനി കണ്ണൂർക്ക് ടിക്കറ്റ് എടുത്തു.ശേഷം അബദ്ധം പറ്റിയ വിവരം വിദ്യാർത്ഥിനി പിതാവിനെ വിളിച്ചറിയിച്ചു.പിതാവ് പയ്യോളി പോലീസ് സ്റ്റേഷനിൽ പോയി വിവരം പറഞ്ഞതിനെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഓഫീസർ പയ്യോളിയിൽ എത്തി ബസിനു കൈകാണിച്ചു.എന്നാൽ ബസ് നിർത്താതെ പോവുകയായിരുന്നു.ഉടനെ മൂരാട് പാലത്തിൽ ഡ്യൂട്ടിയിലുള്ള പോലീസുകാരനെ വിവരമറിയിച്ചു.ഈ പോലീസുകാരനും ബസിനു കൈനീട്ടിയെങ്കിലും ബസ് അവിടെയും നിർത്തിയില്ല.പിന്നീട് പോലീസ് വയർലെസ്സ് സൈറ്റിലൂടെ വിവരം കൈമാറി.തുടർന്നാണ് ചോമ്പാല പോലീസ് ജീപ്പ് കുറുകെയിട്ട് ബസ് തടഞ്ഞത്.പിതാവ് ബൈക്കിലെത്തി കുട്ടിയെ കൂട്ടികൊണ്ടു വന്നു.പോലീസിൽ പരാതിയും നൽകി.രാത്രി പത്തുമണികഴിഞ്ഞാൽ കെഎസ്ആർടിസി ഉൾപ്പെടെ ഏതു ബസും സ്ത്രീകൾ പറയുന്നിടത്തു നിർത്തി അവരെ ഇറക്കണമെന്ന നിയമം നിലവിലുള്ളപ്പോഴാണ് കെഎസ്ആർടിസി ജീവനക്കാരുടെ ഈ ക്രൂരത. വിദ്യാർത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചോമ്പാല പോലീസ് കെഎസ്ആർടിസി ജീവനക്കാർക്കെതിരെ കേസെടുത്തു.പോലീസ് കൈകാണിച്ചിട്ടും നിർത്താതിരുന്നതിന് പയ്യോളി പോലീസ് ബസ് ഡ്രൈവർക്കെതിരെ സ്വമേധയാ കേസെടുത്തു.

Previous ArticleNext Article