തിരുവനന്തപുരം:പ്രമുഖ ഭാഷാപണ്ഡിതനും പത്മശ്രീ ജേതാവുമായ കവി വിഷ്ണു നാരായണന്‍ നമ്പൂതിരി(81) അന്തരിച്ചു.തിരുവനന്തപുരം തൈക്കാടുള്ള സ്വവസതിയില്‍ വെച്ച് ഇന്ന് ഉച്ചയ്ക്ക് 1.15 ഓടേയായിരുന്നു അന്ത്യം.സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. കേരള-കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.1939 ജൂണ്‍ രണ്ടിന് തിരുവല്ലയിലെ ഇരിങ്ങോലില്‍ ശ്രീവല്ലി ഇല്ലത്തായിരുന്നു ജനനം. കോഴിക്കോട്, കൊല്ലം പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂര്‍, തിരുവനന്തപുരം, ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളജ്, തലശ്ശേരി എന്നിവിടങ്ങളില്‍ കോളജ് അധ്യാപകനായിരുന്നു. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, കേരള സാഹിത്യ സമിതി, പ്രകൃതിസംരക്ഷണ സമിതി, കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി എന്നിവയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 1997ല്‍ മില്ലിനിയം കോണ്‍ഫറന്‍സ് അംഗമായിരുന്നു.പരിക്രമം,ശ്രീവല്ലി,രസക്കുടുക്ക,തുളസീ ദളങ്ങള്‍,എന്റെ കവിത എന്നീ കവിതാ സമാഹാരങ്ങളും അസാഹിതീയം, കവിതയുടെ ഡി.എന്‍.എ., അലകടലും നെയ്യാമ്പലുകളും എന്നീ നിരൂപണങ്ങളും ഗാന്ധിപുതിയ കാഴ്ചപ്പാടുകള്‍ സസ്യലോകം, ഋതുസംഹാരം എന്നീ വിവര്‍ത്തനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. കൂടാതെ പുതുമുദ്രകള്‍, ദേശഭക്തി കവിതകള്‍, വനപര്‍വ്വം, സ്വാതന്ത്ര്യസമര ഗീതങ്ങള്‍ എന്നീ കൃതികള്‍ സമ്പാദനം ചെയ്യുകയും കുട്ടികള്‍ക്കായി കുട്ടികളുടെ ഷേക്‌സ്പിയര്‍ എന്ന കൃതി രചിക്കുകയും ചെയ്തിട്ടുണ്ട്.2014ൽ രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍, ഓടക്കുഴല്‍ പുരസ്കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, വള്ളത്തോള്‍ പുരസ്‌കാരം തുടങ്ങിയ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.