തൃശൂർ:ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും.വൈകുന്നേരം കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നാളെ രാവിലെ 9 മണിയ്ക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തും.ക്ഷേത്രത്തിലെത്തുന്ന മോദി കണ്ണന് താമരപ്പൂവുകള്‍ കൊണ്ട് തുലാഭാരം നടത്തും.ഇതിനായി 112 കിലോ താമരപ്പൂക്കള്‍ എത്തിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് ഗുരുവായൂര്‍ ദേവസ്വം അധികൃതര്‍ . നാഗര്‍കോവിലില്‍ നിന്നാണ് തുലാഭാരത്തിനാവശ്യമായ താമരപ്പൂക്കള്‍ ക്ഷേത്രത്തിലേക്കെത്തിക്കുന്നത്.ക്ഷേത്ര ദർശനത്തിന് ശേഷം അഭിനന്ദൻ സഭ എന്ന് പേരിട്ടിരിക്കുന്ന പൊതുസമ്മേളനത്തെയും അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിക്കും. രണ്ടാം വട്ടം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തതിന് ശേഷമുള്ള ആദ്യ പൊതുപരിപാടിയാണ് ഗുരുവായൂരിലേത്.തന്റെ ദർശനത്തിന് വേണ്ടി ക്ഷേത്രത്തിലെ ആചാരങ്ങൾക്കോ സമയക്രമങ്ങൾക്കോ യാതൊരു മാറ്റവും വരുത്തരുതെന്നും ഭക്തരെ അനാവശ്യമായി നിയന്ത്രിക്കരുതെന്നും പ്രധാനമന്ത്രി പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ദർശനത്തോടമുബന്ധിച്ച് കനത്ത സുരക്ഷയാണ് ക്ഷേത്ര നഗരിയിൽ ഒരുക്കിയിട്ടുള്ളത്.