തിരുവനന്തപുരം: പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്‌ക്ക് മൂന്നു മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. ഇരുപരീക്ഷകളുടെയും മൂല്യനിർണയവും ടാബുലേഷനും പൂർത്തിയാക്കി പരീക്ഷാ ബോർഡ് യോഗം കഴിഞ്ഞതിന് പിന്നാലെയാണ് ഫലപ്രഖ്യാപനം.കൊറോണയും തിരഞ്ഞെടുപ്പും കാരണം വൈകി ആരംഭിച്ച പരീക്ഷ രണ്ടാം തരംഗം കാരണം വീണ്ടും നീണ്ടുപോയി. അടുത്തമാസം ആദ്യത്തോടെ പ്രവേശന പരീക്ഷ നടക്കാനിരിക്കെയാണ് ഹയർ സെക്കൻഡറി കോഴ്സുകളുടെ ഫലം പൂർത്തിയാക്കിയത്. മുൻവർഷത്തേക്കാൾ വിജയശതമാനം കൂടുതലായിരിക്കും ഇത്തവണ എന്നാണ് സൂചന.തിയറി പരീക്ഷയും പ്രാക്ടിക്കലും വൈകിയെങ്കിലും ഉത്തരക്കടലാസ് മൂല്യനിർണയത്തോടൊപ്പം തന്നെ ടാബുലേഷനും അതാത് സ്കൂളുകളിൽ നിന്നും ചെയ്തത് ഫലം പ്രസിദ്ധീകരിക്കുന്ന നടപടികൾ വേഗത്തിലാക്കി.