തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം.കര്‍ശന സുരക്ഷാക്രമീകരണങ്ങളാണ് പരീക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്.നേരത്തെ സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് മാറ്റിവെച്ച പരീക്ഷ നടത്താന്‍ കോടതി തന്നെ അനുമതി നല്‍കുകയായിരുന്നു.ആകെ 4.17 ലക്ഷം കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് മലപ്പുറം ജില്ലയിലാണ്, 75,590 കുട്ടികള്‍. കുട്ടികളുടെ സുരക്ഷയുടെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന് സുപ്രീംകോടതി പറഞ്ഞ പശ്ചാത്തലത്തില്‍ വീഴ്ചകള്‍ ഇല്ലാതിരിക്കാനുള്ള വലിയ ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. വിദ്യാര്‍ഥികള്‍ക്ക് ഒരു പ്രവേശന കവാടത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. പ്രവേശന കവാടത്തില്‍ തന്നെ സാനിറ്റൈസര്‍ നല്‍കാനും തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കാനും സംവിധാനം ഏര്‍പ്പെടുത്തി. വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമല്ല. കോവിഡ് പോസിറ്റീവ് ആയ വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് ഹാജരാകുന്നുവെങ്കില്‍ വിവരം മുന്‍കൂട്ടി ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ കുട്ടികള്‍ക്കായി പ്രത്യേക ക്ലാസ് മുറികള്‍ സജ്ജീകരിച്ചിട്ടുണ്ട്. രോഗലക്ഷണമുള്ള വിദ്യാര്‍ഥികളും പ്രത്യേകം ക്ലാസ് മുറികളില്‍ പരീക്ഷ എഴുതണം. പരീക്ഷകള്‍ക്കിടയില്‍ ഒന്നു മുതല്‍ അഞ്ചു ദിവസം വരെ ഇടവേളകള്‍ ഉറപ്പാക്കിയാണ് ടൈം ടേബിളും പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദിവസവും രാവിലെയാണ് പരീക്ഷ. വിദ്യാര്‍ത്ഥികളെല്ലാം മാസ്ക് ധരിച്ചിട്ടുണ്ടെന്നും, കൂട്ടംകൂടുന്നില്ലെന്നും അധ്യാപകര്‍ ഉറപ്പാക്കും. ഒരു ബഞ്ചില്‍ രണ്ട് പേര് എന്ന നിലയിലാണ് ക്രമീകരണം. ബെഞ്ച്, ഡെസ്ക് എന്നിവ സാനിറ്റൈസ് ചെയ്തതായി സ്കൂള്‍ അധികൃതരും വ്യക്തമാക്കി.