തിരുവനന്തപുരം : പ്ലസ് വൺ പരീക്ഷക്കെത്തുന്ന വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം.വിദ്യാർത്ഥികൾക്ക് യൂണിഫോമുകൾ നിർബന്ധമാക്കേണ്ടതില്ലെന്ന് അറിയിച്ചുകൊണ്ടുള്ള നിർദ്ദേശം സ്കൂളുകൾക്ക് നൽകും. പരീക്ഷയുടെ ഒരുക്കങ്ങളും യോഗത്തിൽ വിലയിരുത്തി.കൊറോണ മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചാകും പരീക്ഷകൾ നടത്തുക. വിദ്യാർത്ഥികൾക്ക് ഒരു കവാടത്തിലൂടെ മാത്രമേ സ്കൂളിനകത്തേക്ക് പ്രവേശനം അനുവദിക്കൂ. ശരീരോഷ്മാവ് കൂടുതലുള്ള വിദ്യാർത്ഥികൾക്കും, നിരീക്ഷണത്തിൽ കഴിയുന്നവർക്കും പരീക്ഷ എഴുതുന്നതിനായി പ്രത്യേകം ക്ലാസ് മുറികൾ ഒരുക്കും. കൊറോണ രോഗികളായ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പിപിഇ കിറ്റുകൾ ലഭ്യമാക്കാനും യോഗത്തിൽ തീരുമാനിച്ചു. ക്ലാസ് മുറികളിൽ പേന, കാൽക്കുലേറ്റർ എന്നിവ കൈമാറാൻ പാടുള്ളതല്ല.