കണ്ണൂർ:പ്ലസ് വൺ പ്രവേശനത്തിനെത്തുന്ന വിദ്യാർത്ഥികളിൽ നിന്നും പിടിഎ ഫണ്ടിന്റെ പേരിൽ വൻതുക ഈടാക്കുന്നതായി പരാതി.വിദ്യാർത്ഥികളിൽ നിന്നും പിടിഎ ഫണ്ടായി 500 രൂപയിൽ കൂടുതൽ വാങ്ങരുതെന്ന സർക്കാർ നിർദേശം നിലനിൽക്കവെയാണ് നിർബന്ധിത പിരിവ്.500 രൂപ തന്നെ ഇത് നല്കാൻ ശേഷിയും സന്നദ്ധതയും ഉള്ളവരിൽ നിന്നും മാത്രമേ ഈടാക്കാവൂ എന്നും നിർദേശിച്ചിരുന്നു.എന്നാൽ മലയോരമേഖലയിലെ ചില വിദ്യാലയങ്ങൾ 2000 മുതൽ 8000 രൂപവരെ പിടിഎ ഫണ്ടായി ഈടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.പിടിഎ ഫണ്ട് വാങ്ങുന്നതിനു രസീത് നൽകണമെന്ന് സർക്കാർ നിർദേശമുണ്ടെങ്കിലും വാങ്ങുന്ന ഫണ്ടിന് രസീതിയൊന്നും നൽകുന്നുമില്ല.രക്ഷിതാക്കളിൽ നിന്നും ഇതിനെതിരെ പരാതിയുയർന്നതോടെ വാങ്ങുന്ന തുകയിൽ 500 രൂപമുതൽ 1000 രൂപവരെ കുറവുവരുത്തിയിട്ടുണ്ട്.എയ്ഡഡ് സ്കൂളുകളിൽ മാനേജ്‌മന്റ് ക്വാട്ടയിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളിൽ നിന്നും വൻ തുകയാണ് ഫീസായി ഈടാക്കുന്നത്.ഇതിനു പുറമെയാണ് ഉന്നത റാങ്ക് നേടി മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളിൽ നിന്നും പിടിഎ ഫണ്ട് എന്ന പേരിൽ പിരിവ് നടത്തുന്നത്. പിടിഎ ഫണ്ട് ഇനത്തിൽ വാങ്ങുന്ന തുക സ്കൂളിലെ നിത്യച്ചിലവുകൾക്കും മറ്റുമാണ് ഉപയോഗിക്കുന്നത്.ഇതിൽ കൂടുതൽ ചിലവുകളും മറ്റും വന്നാൽ രക്ഷിതാക്കളുടെ യോഗം വിളിച്ചുചേർത്ത് അവരുടെ സമ്മതത്തോടെ ഫണ്ട് ശേഖരിക്കാമെന്നും സർക്കാർ നിർദേശമുണ്ട്. ഈ നിർദ്ദേശങ്ങളൊക്കെ നിലനിൽക്കെയാണ് ചിലവിദ്യാലയങ്ങൾ തോന്നിയപോലെ പണം ഈടാക്കുന്നത്.