Kerala, News

പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂര്‍ ക്യാമ്പയിൻ;ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക് ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി

keralanews plastic free kannur campaign strict action against producers distributors and users of disposable plastics

കണ്ണൂര്‍: പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂര്‍ ക്യാമ്പയിനിന്റെ ഭാഗമായി ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക് വസ്തുക്കളും മറ്റ് ഡിസ്‌പോസിബിളുകളും ഉല്‍പാദിപ്പിക്കുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കും എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ തല അവലോകന യോഗത്തിൽ തീരുമാനം.ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഈ തീരുമാനം എടുത്തത്. തദ്ദേശ സ്ഥാപനതല ആന്റി പ്ലാസ്റ്റിക്ക് വിജിലന്‍സ് ടീമുകള്‍ പരിശോധനകള്‍ ശക്തമാക്കും. വിജിലന്‍സ് ടീമുകള്‍ രൂപീകരിക്കാത്ത എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജനവരി 31 നകം ടീമുകള്‍ രൂപീകരിക്കാനും നിർദേശമുണ്ട്.താലൂക്ക് ജില്ലാ തലങ്ങളിലും ആന്റി പ്ലാസ്റ്റിക്ക് വിജിലന്‍സ് ടീമുകള്‍ പ്രവര്‍ത്തിക്കും.പന്ത്രണ്ടിന പരിപാടി നിര്‍വ്വഹണത്തില്‍ പിന്നോക്കം നില്‍ക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ ഫെബ്രുവരി അഞ്ചിനകം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിരുദ്ധമാവാത്തരീതിയില്‍ പരിപാടി നടപ്പാക്കണം. കര്‍ശന പരിശോധനകള്‍ക്കൊപ്പം എല്ലാ തദ്ദേശ സ്ഥാപനങ്ങളും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടരണം.കല്യാണ മണ്ഡപങ്ങള്‍, ഉല്‍സവ ആഘോഷ കേന്ദ്രങ്ങള്‍, മത്സ്യ ഇറച്ചി മാര്‍ക്കറ്റുകള്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ ആന്റി പ്ലാസ്റ്റിക്ക് വിജിലന്‍സ് ടീമുകള്‍ സന്ദര്‍ശനം നടത്തണം.ബദല്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് മതിയായ പ്രചരണവും പ്രോല്‍സാഹനവും നല്‍കണമെന്നും യോഗത്തില്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.ഭാവിയില്‍ വരാനിടയുള്ള ഉല്‍സവ ആഘോഷങ്ങള്‍,കല്യാണങ്ങള്‍, ഗൃഹപ്രവേശം തുടങ്ങി എല്ലാ ചടങ്ങുകളും ഹരിത പെരുമാറ്റ ചട്ടങ്ങള്‍ പാലിച്ചു മാത്രമേ നടത്തുകയുള്ളുവെന്ന്. ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.യോഗത്തില്‍ ഹരിത കേരളം ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടി ജെ അരുണ്‍, ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി എം രാജീവ്, എഡിസി ജനറല്‍ ഡി വി അബ്ദുല്‍ ജലീല്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് സീനിയര്‍ എഞ്ചിനീയര്‍ അനിത കോയന്‍, ക്ലീന്‍ കേരളാ ജില്ലാ മാനേജര്‍ ആശംസ് ഫിലിപ്പ് എന്നിവരും പങ്കെടുത്തു.

Previous ArticleNext Article