തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് മുതൽ പ്ലാസ്റ്റിക്ക് നിരോധനം.ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കാണ് നിരോധനം ബാധകമാവുക.വ്യക്തികളോ കമ്പനികളോ വ്യവസായ സ്ഥാപനങ്ങളോ നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ നിർമ്മിക്കുകയോ കൊണ്ടുപോവുകയോ വിൽപ്പന നടത്തുകയോ ചെയ്താൽ പിഴ ഈടാക്കും.ആദ്യഘട്ട ലംഘനത്തിന് 10,000 രൂപ,രണ്ടാംവട്ടം ലംഘിച്ചാൽ 25000 രൂപ,വീണ്ടും ലംഘിച്ചാൽ 50000 രൂപ എന്നിങ്ങനെയാണ് പിഴ ഈടാക്കുക.ഈ മാസം 15 വരെ നിയമനടപടികളുണ്ടാകില്ല.തുടർന്ന് നടപടികളിലേക്ക് നീങ്ങും. പ്ലാസ്റ്റിക് ക്യാരിബാഗ്,ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളേറ്റുകൾ,കപ്പുകൾ,സ്പൂണുകൾ, ഫോർക്കുകൾ,തെർമോക്കോൾ,സ്റ്റൈറോഫോം എന്നിവകൊണ്ട് നിർമിച്ച അലങ്കാര വസ്തുക്കൾ, പ്ലാസ്റ്റിക്ക് കോട്ടിങ് ഉള്ള പേപ്പർ കപ്പുകൾ,പ്ലേറ്റ്,ബൗൾ, ക്യാരിബാഗ്,പ്ലാസ്റ്റിക്ക് തോരണങ്ങൾ, കൊടി,നോൺ വൂവൺ ബാഗുകൾ,പ്ലാസ്റ്റിക്ക് വെള്ള പായ്ക്കറ്റ്,പ്ലാസ്റ്റിക് ജ്യൂസ് പായ്ക്കറ്റുകൾ,300 മില്ലിയ്ക്ക് താഴെ ശേഷിയുള്ള പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ,പ്ലാസ്റ്റിക്ക് ഗാർബേജ് , ബാഗ്,പി.വി.സി ഫ്ലെക്സ്,പ്ലാസ്റ്റിക് പായ്ക്കറ്റ് എന്നിവയ്ക്കാണ് നിരോധനം ബാധകമാവുക.
അതേസമയം പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നതോടെ സജീവമാവുകയാണ് പേപ്പർ ബാഗ് നിർമാണ യൂണിറ്റുകൾ.വിറ്റുവരവില്ലാത്തതിനെ തുടർന്ന് അടച്ചുപൂട്ടിയ യൂണിറ്റുകൾ വീണ്ടും തുറന്നു പ്രവർത്തിക്കുവാനുള്ള ഒരുക്കത്തിലാണ്.കഴിഞ്ഞ ഒരുവർഷത്തിനിടെ മുപ്പത് ശതമാനമായിരുന്ന വളർച്ച സമീപകാലത്ത് 70 ശതമാനമായി വർധിച്ചതായി പേപ്പർ ബാഗ് മാനുഫാക്ചറർസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.ബെംഗളൂരുവിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമാണ് പ്രധാനമായും ബാഗ് നിർമാണത്തിനാവശ്യമായ പേപ്പർ എത്തുന്നത്. ജർമ്മനി,ന്യൂസിലാൻഡ്,സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നവയും ഉപയോഗത്തിലുണ്ട്.നാലുരൂപ മുതൽ മുപ്പത് രൂപവരെയുള്ള ബാഗുകളാണ് പ്രധാനമായും നിർമിക്കുന്നത്. ടെക്സ്റ്റൈൽസ്, ജ്വല്ലറി,ഹോട്ടലുകൾ എന്നിവയാണ് വിലകൂടിയ പേപ്പർ ബാഗിന്റെ മുഖ്യ ഉപഭോക്താക്കൾ.