Kerala, News

സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം കർശനമാക്കുന്നു;പിഴ ഇളവ് ഇന്ന് അവസാനിക്കും

keralanews plastic ban in kerala fine excemption ends today

തിരുവനന്തപുരം:സംസ്ഥാനത്ത് ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനവുമായി ബന്ധപ്പെട്ട പിഴയിളവിനുള്ള കാലപരിധി ഇന്ന് അവസാനിക്കും. തീരുമാനം ഈ മാസം ഒന്നു മുതല്‍ നിലവില്‍ വന്നെങ്കിലും നാളെ മുതലാണ് കർശനമാക്കുന്നത്. ബോധവല്‍ക്കരണമായിരുന്നു ഇതു വരെ.നാളെ മുതല്‍ നിരോധം ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.അതേസമയം സാവകാശം വേണമെന്ന വ്യാപാരികളുടെ ആവശ്യം ഇന്ന് മന്ത്രിസഭ ചര്‍ച്ച ചെയ്തേക്കും.ജനുവരി ഒന്ന് മുതലാണ് സംസ്ഥാനത്ത് പ്‌ളാസ്റ്റിക് നിരോധനം പ്രാബല്യത്തില്‍ വന്നത്. ആദ്യഘട്ടത്തില്‍ പിഴയില്‍ ഇളവ് നല്‍കിക്കൊണ്ട് ബോധവത്കരണത്തിന് ഊന്നല്‍ കൊടുത്തു. ഈ ബോധവത്ക്കരണത്തിനും, പ്‌ളാസ്റ്റിക് ബദലിനുമായി നല്‍കിയിരുന്ന 15 ദിവസ സമയപരിധിയാണ് ഇന്ന് അവസാനിക്കുന്നത്. എന്നാല്‍, നടപടി തുടങ്ങുന്നതു സംബന്ധിച്ച്‌ കളക്ടര്‍മാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശമൊന്നും സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല. ബദലുകളുടെ കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ ഇളവ് നീട്ടുന്നതിലോ കര്‍ശനപരിശോധനയും നടപടിയും ആരംഭിക്കുന്നതിലോ അധികൃതരും കൃത്യമായ നിലപാട് വ്യക്തമാക്കുന്നില്ല. കളക്ടര്‍മാര്‍, സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റുമാര്‍, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിയോഗിച്ച ഉദ്യോഗസ്ഥര്‍, തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍, കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് പിഴ ഈടാക്കല്‍ അടക്കമുള്ള നടപടികളുടെ ചുമതല.നേരത്തെ അറിയിച്ച പ്രകാരം നാളെ മുതല്‍ നിരോധം ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കിത്തുടങ്ങേണ്ടതാണ്. നിയമലംഘനം നടത്തുന്ന സ്ഥാപനത്തിന് ആദ്യ തവണ 10000 രൂപയും ആവർത്തിച്ചാൽ 25000 രൂപയും മൂന്നാം തവണയും ലംഘിച്ചാൽ 50000 രൂപയും പിഴ ഈടാക്കും. എന്നിട്ടും നിയമലംഘനം ആവര്‍ത്തിച്ചാല്‍ സ്ഥാപനത്തിന്റെ പ്രവർത്താനുമതി റദ്ദാക്കും.പ്ലാസ്റ്റിക് നിരോധത്തെ തത്വത്തില്‍ അംഗീകരിക്കുമ്പോഴും സാവകാശം അനുവദിക്കണമെന്ന ശക്തമായ ആവശ്യം വ്യാപാരികള്‍ ഉന്നയിക്കുന്നുണ്ട്. ബദലുകളുടെ കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നതാണ് പ്രധാന പ്രശ്നം. ബ്രാന്‍ഡഡ് കമ്പനി ഉല്‍പ്പന്നങ്ങള്‍ക്ക് അനുമതിയുണ്ടെങ്കിലും സമാനമായ ഗുണനിലവാരത്തിലുള്ളവ ചില്ലറ വ്യാപാരികളെ ഉപയോഗിക്കാന്‍ അനുവദിക്കാത്തത് വിവേചനമാണെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. ഇളവ് നീട്ടുന്നതിലോ കര്‍ശന പരിശോധനയും പിഴയീടാക്കലുമുള്‍പ്പെടെ നടപടി സ്വീകരിക്കുന്നതിലും ഇതുവരെ കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുമില്ല. ഇന്നത്തെ മന്ത്രിസഭ ഇത് സംബന്ധിച്ച് അന്തിമതീരുമാനമെടുക്കുമെന്നാണ് സൂചന.

Previous ArticleNext Article