Kerala, News

കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ പ്ലാസ്റ്റിക് ആൻഡ് റീകണ്‍സ്ട്രക്റ്റീവ് സര്‍ജറി ആരംഭിക്കും

keralanews plastic and reconstructive surgery will be started at kannur government medical college

കണ്ണൂര്‍: കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ പ്ലാസ്റ്റിക് & റീകണ്‍സ്ട്രക്റ്റീവ് സര്‍ജറി വിഭാഗം ആരംഭിക്കാന്‍ അനുമതി നല്‍കി ഉത്തരവിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.രണ്ട് അസിസ്റ്റന്റ് പ്രൊഫസരുടെ തസ്തികകള്‍ ഇതിനായി കണ്ണൂരിലേക്ക് അനുവദിച്ചിട്ടുണ്ട്. കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ നിലവിലെ പ്രിന്‍സിപ്പാള്‍ ഡോ കെ. അജയകുമാര്‍ പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിലെ പ്രൊഫസര്‍ കൂടിയാണ്. നിലവിലുള്ള ഡോക്ടര്‍മാരെ കൂടാതെയാണ് പ്ലാസ്റ്റിക്ക് സര്‍ജറി വിഭാഗത്തില്‍ രണ്ട് ഡോക്ടര്‍മാരുടെ സേവനം കൂടി കോളേജില്‍ ലഭ്യമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.കഴിഞ്ഞ നവംബറില്‍ ആശുപത്രി സന്ദര്‍ശിച്ച ഘട്ടത്തില്‍ മെഡിക്കല്‍ കോളേജില്‍ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചിരുന്നു. വാഹനാപകടത്തിലും മറ്റും ഗുരുതരമായി പരിക്ക് പറ്റി ചികിത്സ തേടിയെത്തുന്നവരില്‍ നിരവധി പേര്‍ക്ക് പ്ലാസ്റ്റിക്ക് സര്‍ജറി വിഭാഗത്തിന്റെ കൂടി ചികിത്സ ആവശ്യമുള്ളവരാണ്. ഇവര്‍ക്ക് ഗോള്‍ഡന്‍ അവറില്‍ത്തന്നെ ചികിത്സ ലഭ്യമാക്കാന്‍ കഴിയുന്നത് അംഗഭംഗം സംഭവിച്ച ശരീരഭാഗങ്ങള്‍ ഉള്‍പ്പടെ ശരീരത്തിന്റെ ഭാഗമാക്കുന്നതിലൂടെയാണ്. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം വരുന്നതോടെ ഇത്തരം ചികിത്സ ആവശ്യമുള്ള രോഗികള്‍ ലക്ഷങ്ങള്‍ ചെലവഴിച്ച്‌ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടേണ്ട സ്ഥിതിക്ക് മാറ്റം വരുന്നതാണ്. ഇതോടെ പ്ലാസ്റ്റിക്ക് സര്‍ജറിക്ക് വരുന്ന ഭീമമായ ചികിത്സ ചെലവ് ഒഴിവാക്കാന്‍ സാധിക്കും.കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്ലാസ്റ്റിക് സര്‍ജറി സജ്ജമാകുന്നതോടെ ചികിത്സാ രംഗത്ത് വലിയ മാറ്റമുണ്ടാക്കാന്‍ സാധിക്കും. ഭാവിയില്‍ അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ ചെയ്യാന്‍ കഴിയുന്നതാണ്. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ തസ്തിക അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Previous ArticleNext Article