കണ്ണൂർ:കണ്ണൂർ വിമാനത്താവളത്തിന് അനുബന്ധമായി പത്തു വ്യവസായ നഗരങ്ങൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കൂടാളി,പട്ടാന്നൂർ വില്ലേജുകളിലായി നായാട്ടുപാറയ്ക്കടുത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള മെഡിസിറ്റി സ്ഥാപിക്കാൻ നിദേശം.ഈ മേഖലയിൽ 1029 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നിർദേശം കിൻഫ്ര സർക്കാരിന് സമർപ്പിച്ചു.വ്യവസായ വകുപ്പിന്റെ പ്രാഥമിക അനുമതി ലഭിച്ചുകഴിഞ്ഞ ഈ സ്ഥലമെടുപ്പിന് ഇനി റെവന്യൂ വകുപ്പിന്റെ അനുമതി വേണം.വിദേശത്തുനിന്നെത്തുന്നവരെ കൂടി ലക്ഷ്യമിട്ട് ആശുപത്രി ശൃംഖല,ആയുർവേദ റിസോർട്ടുകൾ എന്നിവയെല്ലാം ഉൾപ്പെടുന്ന വിപുലമായ പദ്ധതിയാണ് ഇവിടെ ലക്ഷ്യമിടുന്നത്.നേരത്തെ അഞ്ചരക്കണ്ടി,പടുവിലായി വില്ലേജുകളിൽ ഇതിനായി 500 ഏക്കർ സ്ഥലം ഏറ്റെടുക്കാൻ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നെങ്കിലും അതിൽ മാറ്റം വരുത്തേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്.വിമാനത്താവളത്തിന്റെ റൺവേയുടെ നീളം 4000 മീറ്ററായി വർധിപ്പിക്കാൻ 270 ഏക്കർ സ്ഥലം കൂടി ഏറ്റെടുക്കേണ്ടത്.ഇതിൽ വ്യവസായ ആവശ്യത്തിനായി ഏറ്റെടുത്ത 500 ഏക്കർ കൂടി ഉൾപ്പെടും.അതിനാൽ വിജ്ഞാപനത്തിൽ മാറ്റം വരുത്തി പുതിയ സ്ഥലം കൂടി ഉൾപ്പെടുത്തി 500 ഏക്കർ ഏറ്റെടുക്കാനും കിൻഫ്ര റെവന്യൂ വകുപ്പിന് അപേക്ഷ നൽകി.പട്ടാന്നൂർ,കീഴല്ലൂർ വില്ലേജുകളിൽ സ്ഥലം ഏറ്റെടുക്കാൻ വിജ്ഞാപനം പുറപ്പെടുവിച്ചതിനെ തുടർന്ന് പ്രദേശത്തിന്റെ സാമൂഹിക,സാമ്പത്തിക പഠനം ആരംഭിച്ചു.കൊളാരി വില്ലേജിൽ 53 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പഠനം പൂർത്തിയായി.കൊളാരി വില്ലേജിൽ മെറ്റടി ഭാഗത്ത് 168 ഏക്കർ ഏറ്റെടുക്കാൻ വ്യവസായ വകുപ്പിന്റെ തീരുമാനം വന്നെങ്കിലും റെവന്യൂ വകുപ്പിന്റെ ഉത്തരവ് ഇനിയും ലഭിച്ചില്ല.കൊളാരി വില്ലേജിൽ നിലവിലുള്ള കിൻഫ്ര പാർക്കിനോട് ചേർന്നുള്ള 876 ഏക്കർ സ്ഥലവും ഏറ്റെടുക്കും. കുന്നോത്ത്,കൊടോളിപ്രം എന്നിവിടങ്ങളിൽ 313 ഏക്കർ,പടിയൂരിൽ 708 ഏക്കർ എന്നിങ്ങനെയും ഏറ്റെടുക്കാൻ നടപടികൾ തുടങ്ങിയിട്ടുണ്ട്.
Kerala, News
നായാട്ടുപാറയ്ക്കടുത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള മെഡിസിറ്റി സ്ഥാപിക്കാൻ നിർദേശം
Previous Articleകോഴിയിറച്ചി വില 170 ലേക്ക്