തിരുവനന്തപുരം:ഈ അധ്യയന വർഷം മുതൽ എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകൾ ഒരുമിച്ച് നടത്താൻ ആലോചന.മുന്‍ വര്‍ഷങ്ങളില്‍ ഉച്ചയ്ക്കു ശേഷം നടത്തിയിരുന്ന എസ്എസ്എൽസി പരീക്ഷ ഇത്തവണ രാവിലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് ഒപ്പം നടത്താനാണ് ആലോചന. മാര്‍ച്ചിലെ കടുത്ത ചൂടില്‍ ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷ വിദ്യാര്‍ഥികളെ ഏറെ ബുദ്ധിമുട്ടിക്കുന്നെന്നും സമയക്രമം മാറ്റണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ പത്താം ക്ലാസ്, പ്ലസ് വണ്‍, പ്ലസ് ടു അര്‍ധ വാര്‍ഷിക പരീക്ഷകള്‍ ഒരുമിച്ച് നടത്തും. ഇതില്‍ പ്രായോഗിക ബുദ്ധിമുട്ടില്ലെന്നു കണ്ടാല്‍ മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷ രാവിലെയാക്കാനാണ് വിദ്യാഭ്യാസവകുപ്പ് ആലോചിക്കുന്നത്.എസ്‌എസ്‌എല്‍സി പരീക്ഷ രാവിലെയാക്കണമെന്ന ശുപാര്‍ശ നേരത്തെ തന്നെ പൊതുവിദ്യാഭ്യാസവകുപ്പ് ഗുണനിലവാര സമിതി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടി വൈകുകയായിരുന്നു. പരീക്ഷ രാവിലെയാക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥികള്‍ നേരത്തെ ബാലാവകാശ കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍ ബാലാവകാശ കമ്മീഷന്‍ വിശദീകരണം തേടിയപ്പോള്‍, ചോദ്യപേപ്പര്‍ രാവിലെ സ്‌കൂളുകളില്‍ എത്തിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്നായിരുന്നു വിദ്യാഭ്യാസവകുപ്പ് വിശദീകരിച്ചത്.നിലവില്‍ ട്രഷറികളിലെയും ബാങ്കുകളിലെയും ലോക്കറുകളിലാണ് ചോദ്യപേപ്പര്‍ സൂക്ഷിക്കുന്നത്. പരീക്ഷദിവസം രാവിലെ പുറത്തെടുത്താണ് സ്കൂളുകളിൽ എത്തിക്കുന്നത്.പരീക്ഷ രാവിലെയാക്കിയാല്‍ ചോദ്യപേപ്പര്‍ ട്രഷറികളില്‍നിന്ന് പുറത്തെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. ചോദ്യപേപ്പര്‍ ട്രഷറികളിലും പിന്നീട് സ്‌കൂളുകളിലും എത്തിക്കുന്നതിനായി ഒരുകോടി രൂപയോളമാണ് സര്‍ക്കാരിന് ചെലവ് വരുന്നത്.
Kerala, News
ഈ അധ്യയനവർഷത്തെ എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകൾ ഒരുമിച്ച് നടത്താൻ ആലോചന
Previous Articleശബരിമലയിൽ സ്ത്രീ പ്രവേശനം നീട്ടണമെന്ന ഹർജി ഹൈക്കോടതി തള്ളി