തിരുവനന്തപുരം: സംസ്ഥാനത്ത് രോഗവ്യാപനം കൂടുതലുള്ള ജില്ലകളിൽ സമ്പൂർണ ലോക്ഡൗൺ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ അടച്ചിടാൻ തീരുമാനിച്ചിട്ടില്ല. എന്നാൽ രോഗവ്യാപനം ദിനംപ്രതി കൂടുന്ന സാഹചര്യത്തിൽ ലോക്ഡൗൺ കൂടി ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. ചൊവ്വാഴ്ച മുതൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. അത്യാവശ്യത്തിന് മാത്രമേ ആളുകൾ പുറത്തിറങ്ങാവൂ. കടകളും ഹോട്ടലുകളും സമയബന്ധിതമായി പ്രവർത്തിപ്പിക്കാം.ഹോട്ടലുകളിൽ പാഴ്‌സൽ മാത്രമേ അനുവദിക്കൂ. ഹോം ഡെലിവറിയും നടത്താം. ഹോം ഡെലിവറി നടത്തുന്നവരുടെ വിവരം ശേഖരിച്ച് നിശ്ചിത ഇടവേളകളിൽ പരിശോധന നടത്തും. വലിയ സൗകര്യം ഉള്ള ആരാധനാലയങ്ങളിൽ 50 പേർക്ക് പ്രവേശിക്കാൻ അനുമതിയുണ്ട്. മാർക്കറ്റുകളിലെ കടകൾ നിശ്ചിത സമയത്ത് തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് മാർക്കറ്റ് കമ്മിറ്റികൾ ഉറപ്പാക്കണം.ആശുപത്രികളിൽ കൂട്ടിരിക്കുന്നവർക്ക് ഡോക്ടറോ, സ്ഥാപനമോ, സ്വയമോ, തയ്യാറാക്കുന്ന സത്യവാങ്മൂലം ഹാജരാക്കി അത്യാവശ്യ ഘട്ടത്തിൽ യാത്ര ചെയ്യാം. വിമാന, ട്രെയിൻ യാത്രകൾക്ക് തടസ്സമുണ്ടാകില്ല. ഓക്‌സിജൻ, സാനിറ്റേഷൻ വസ്തുക്കൾ, ആരോഗ്യ മേഖലയ്ക്ക് വേണ്ട വസ്തുക്കൾ എന്നിവയ്ക്ക് തടസ്സമുണ്ടാകില്ല. ടെലികോം, ഇന്റർനെറ്റ് എന്നീ സേവനങ്ങൾക്ക് മുടക്കമുണ്ടാകില്ല. ബാങ്കുകൾ കഴിയുന്നതും ഓൺലൈൻ ഇടപാടുകൾ നടത്തണം. കല്യാണത്തിനും മരണാനന്തര ചടങ്ങുകൾക്കും നിശ്ചിത എണ്ണത്തിലുള്ള ആളുകളെ മാത്രമെ അനുവദിക്കൂ. റേഷൻ കടകളും, സിവിൽ സപ്ലൈ ഷോപ്പുകളും തുറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.