ചെന്നൈ : ശശികല ഇന്ന് തമിഴ് നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ സുപ്രീം കോടതിയിൽ അവർക്കെതിരെയുള്ള അനധികൃത സ്വത്തു സമ്പാദന കേസിന്റെ പശ്ചാത്തലത്തിൽ ഗവർണർ ഇന്നലെ രാത്രി നിയമോപദേശം തേടിയതോടെ കാര്യങ്ങൾ അനിശ്ചിതത്വത്തിലായി. ഡല്‍ഹിയിലായിരുന്ന ഗവർണർ സി വിദ്യാസാഗർ റാവു രാത്രി മുംബൈയിലേക്ക് പോയി. അദ്ദേഹം ചൊവ്വാഴ്ച ചെന്നൈയിൽ എത്തില്ലെന്നാണ് അറിയുന്നത്.
തമിഴ്നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ഗവർണർ സി വിദ്യാസാഗർ റാവു അറ്റോർണി ജനറലുമായി ചർച്ച ചെയ്തു. അനധികൃത സ്വത്തു കേസിൽ സുപ്രീം കോടതി വിധി വന്ന ശേഷം സത്യപ്രതിജ്ഞ നടത്തിയാൽ മതിയെന്നു അദ്ദേഹം നിയമോപദേശം നൽകിയതായാണ് സൂചന. ഇതോടെ സത്യപ്രതിജ്ഞ ഒരാഴ്ചയെങ്കിലും നീണ്ടേക്കും.
ജയലളിതയുടെ സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് വേദിയായിട്ടുള്ള മദ്രാസ് സർവകലാശാല ശതാബ്ദി ഓഡിറ്റോറിയത്തിൽ തന്നെയാണ് ശശികലയുടെയും സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്. വേദിയും കസേരകളും സജീകരിക്കുകയും അലങ്കാര വിളക്കുകൾ സ്ഥാപിക്കുകയും ചെയ്തു. കൂടുതൽ പോലീസിനെയും വിന്യസിച്ചു. എന്നാൽ ഗവർണർ സമയം അനുവദിക്കാതിരുന്നതോടെ ശശികലയുടെ സ്ഥാനാരോഹണം വൈകുകയായിരുന്നു.