ചെന്നൈ: അന്തരിച്ച മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ചിത്രം സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജി സമർപ്പിച്ചു . ഡി.എം.കെ എം.എല്‍ ജെ.അന്‍പഴകനും മറ്റു ചിലരുമാണ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഇന്ന് ഉച്ചയ്ക്ക് വാദം കേള്‍ക്കും.ഫെബ്രുവരി 14ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതയുടെ കൂട്ടുപ്രതികളായ ശശികലും ഇളവരശിയും വി.എന്‍ സുധാകരനും ശിക്ഷ അനുഭവിക്കുകയാണ്. മരണത്തെ തുടര്‍ന്നാണ് ജയലളിതയെ കേസില്‍ നിന്ന് ഒഴിവാക്കിയത്.
ജയലളിതയെ സുപ്രീം കോടതി കുറ്റക്കാരിയായി കണ്ടെത്തിയ സാഹചര്യത്തില്‍ പൊതുപണം ഉപയോഗിച്ച് ജയലളിതയ്ക്ക് സ്മാരകങ്ങള്‍ നിര്‍മ്മിക്കരുതെന്നും സര്‍ക്കാര്‍ മന്ദിരങ്ങളില്‍ ജയലളിതയുടെ ചിത്രം സ്ഥാപിക്കരുതെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ഉപ്പ്, മിനറല്‍ ജലം പോലെയുള്ള ക്ഷേമപദ്ധതികളില്‍ നിന്നും ജയലളിതയുടെ ചിത്രം നീക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.